ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപ നോട്ടുകള്‍ കൂടുതലായി പ്രിന്റ് ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. 500, 2000 രൂപ നോട്ടുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത് മതിയായ സുരക്ഷാ സംവിധാനങ്ങളോടു കൂടെയാണെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തുന്നതിനായി കൂടുതല്‍ 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്തിരുന്നു. ഇനി 500 രൂപ നോട്ടുകളുടെ വിതരണത്തിലാണ് ശ്രദ്ധ നല്‍കാനുദ്ദേശിക്കുന്നത്. ഇതിനുപുറമേ 100, 50, 20 രൂപ നോട്ടുകളും കൂടുതല്‍ വിതരണം ചെയ്യും. ആവശ്യമുള്ള സ്ഥലങ്ങളില്‍ വ്യോമമാര്‍ഗം നോട്ടുകള്‍ എത്തിച്ചുനല്‍കും. പണവിതരണം കുറവുള്ള പ്രദേശങ്ങളെ സംബന്ധിച്ചു നിരീക്ഷിച്ചുവരികയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്- ശക്തികാന്ത് ദാസ് വ്യക്തമാക്കി.
ചെറിയ മൂല്യമുള്ള നോട്ടുകള്‍, വര്‍ഷത്തില്‍ വിതരണം ചെയ്തിരുന്നതിനേക്കാള്‍ മൂന്നുമടങ്ങ് കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.
Discussion about this post