തിരുവനന്തപുരം: നല്ല കാലവും നല്ല ലോകവും സൃഷ്ടിക്കാന്‍ കഴിയുന്നതിലും വലിയ സര്ഗാത്മകപ്രവര്ത്തനമില്ലെന്നും യുവത്വത്തെ ലഹരിക്കടിപ്പെടുത്തി പ്രതികരണ ശേഷിയില്ലാത്തവരാക്കിത്തീര്ക്കാന് കാമ്പസുകളെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ യുവജന കമ്മീഷന് സംഘടിപ്പിച്ച സഹനം, സമരം, സര്‍ഗാത്മകത എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനീതികളെ ചോദ്യം ചെയ്യണമെങ്കില്‍ സമൂഹത്തില്‍ പ്രതികരണശേഷിയുള്ള യുവാക്കളുണ്ടാവണം. യുവാക്കളുടെ പ്രതികരണശേഷി ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളെ ചുറ്റിപ്പറ്റി ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നത്. വന്‍തോതില്‍ മയക്കുമരുന്ന് വ്യാപിപ്പിക്കുന്നവര്ക്കും മനുഷ്യരെ യോജിപ്പിച്ചു നിര്‍ത്താതിരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്കുമെതിരെ യുവാക്കള്‍ കര്‍മനിരതരാകണം. കാലഘട്ടത്തിനനുസൃതമായ പങ്കു നിര്‍വഹിക്കാന്‍ യുവാക്കള്‍ക്കു കഴിയണം. ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് അന്ന് യുവാക്കളായിരുന്നവര്‍ നടത്തിയ അനവധി സഹനസമരങ്ങളുടെ ഫലമാണ് ഇപ്പോള്‍ കാണുന്ന അറുപതു വയസ്സുള്ള കേരളമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഏതു കാലത്തും ലോകം പ്രത്യാശയോടെ നോക്കുന്നത് യുവത്വത്തെയാണ്. ആ പ്രത്യാശയ്ക്കൊപ്പം ഉയര്‍ന്നു നില്‍ക്കേണ്ടത് യുവത്വത്തിന്റെ ബാധ്യതയാണ്. നിലനില്‍ക്കുന്ന വ്യവസ്ഥിതി അങ്ങനെതന്നെ തുടരട്ടെ എന്നു കരുതുന്നതില്‍ സര്‍ഗാത്മകതയില്ല. വ്യവസ്ഥിതികളെ മാറ്റിമറിക്കുന്നതാണ് സര്‍ഗാത്മകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂനിയര്‍ റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഹരീഷിന് മുഖ്യമന്ത്രി ഉപഹാരം നല്കി. യുവജന കമ്മീഷന് അംഗം അഡ്വ. ആര്.ആര്. സഞ്ജയ്കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജയശ്രീ ജി.എസ്., കേരള സര്‍വകലാശാല മലയാളം വിഭാഗം അധ്യാപകന് ഡോ. എം.എ. സിദ്ദിഖ്, യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. വിനയചന്ദ്രന്, സര്‍വകലാശാല സെനറ്റ് അംഗം അഡ്വ. രാഹില്‍ ആര് നാഥ്, കമ്മീഷന് അംഗങ്ങളായ ടി.പി. ബിനീഷ്, അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ഖാദര്‍ മാന്യ, കമ്മീഷന് സെക്രട്ടറി പി. പി. സജിത, യൂണിവേഴ്സിറ്റി കോളേജ് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ ലക്ഷ്മി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post