തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയെ നേരിടുന്നതിന് ഭൂജലവകുപ്പു തയ്യാറാക്കിയ പദ്ധതികളുടെ നടത്തിപ്പിനായി പന്ത്രണ്ടുകോടി നാല്‍പ്പതു ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ അനുവദിച്ചു.
കുടിവെള്ള പദ്ധതികള്‍ ഇല്ലാത്തതോ ഭാഗികമായി മാത്രം ഉള്ളതോ ആയ വാര്‍ഡുകളില്‍ ഒരു കുഴല്‍ക്കിണര്‍ വീതമെങ്കിലും അനുവദിക്കുന്നതിനുള്ള രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്ക് 2010-11 വര്‍ഷം വരെ അമ്പതു ശതമാനം കേന്ദ്രസഹായം ലഭിച്ചിരുന്നു. പിന്നീട് കേന്ദ്രസഹായം നിലയ്ക്കുകയും സംസ്ഥാന പ്ലാന്‍ ഫണ്ടില്‍നിന്നും തുക അനുവദിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിയാണ് പുനരുജ്ജീവിപ്പിക്കുന്നത്. ഇതിന്‍പ്രകാരം അഞ്ഞൂറ്റി എണ്‍പത്തഞ്ചു ചെറുകിട ജലവിതരണ പദ്ധതികള്‍ പുനരുദ്ധരിക്കുന്നതും അയ്യായിരത്തി അഞ്ഞൂറ്റിയഞ്ച് കൈപ്പമ്പുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്യും.
സംസ്ഥാനത്താകെയുള്ള 871 നിരീക്ഷണ കിണറുകളിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ജലനിരപ്പുമായി താരതമ്യപ്പെടുത്തിയതില്‍ ഭീമമായ കുറവ് ഉള്ളതായി കണ്ടെത്തിയിരുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങള്‍ നിര്‍ണയിച്ച് ദുരിതാശ്വാസനടപടികള്‍ നടപ്പിലാക്കുക, ജല അതോറിറ്റി, ജലനിധി, തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനപദ്ധതിയില്‍പ്പെടാത്ത എല്ലാ വാര്‍ഡിലും ഒരു കുഴല്‍ക്കിണറെങ്കിലും നിര്‍മിക്കുക, വരള്‍ച്ച കണക്കിലെടുത്ത് സര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍, ജലനിധി തുടങ്ങിയവയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ തീരുമാനങ്ങളും ജലവിഭവ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്.












