തിരുവനന്തപുരം: ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്‌കാരം സുപ്രസിദ്ധ മോഹിനിയാട്ടം നര്‍ത്തകി ഭാരതി ശിവജിക്ക് നല്‍കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 1,50,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം ജനുവരി ഇരുപതിനു വൈകിട്ട് ആറരയ്ക്ക് കനകക്കുന്നില്‍ നടക്കുന്ന നിശാഗന്ധി ഫെസ്റ്റിവല്‍ ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സമ്മാനിക്കും.
നാലു പതിറ്റാണ്ടായി മോഹിനിയാട്ടം ഉപാസകയായ ഭാരതി ശിവജി രംഗകല എന്ന നിലയിലും നൃത്ത രൂപത്തിന്റെ സൂക്ഷ്മതകളിലും നിരവധി സംഭാവനകളും നവീകരണ ശ്രമങ്ങളും നടത്തിയിട്ടുള്ള കലാകാരിയാണ്. മോഹിനിയാട്ടം എന്ന നൃത്തരൂപത്തില്‍ ആകൃഷ്ടയായി 1970കളിലാണ് ഭാരതി ശിവജി കേരളത്തിലെത്തുന്നത്. സെന്റര്‍ ഫോര്‍ മോഹിനിയാട്ടം സ്ഥാപകയായ ഭാരതി ശിവജി 1986ല്‍ പ്രസിദ്ധീകരിച്ച ആര്‍ട്ട് ഓഫ് മോഹിനിയാട്ടം എന്ന പഠനഗ്രന്ഥത്തിന്റെ സഹരചയിതാവ് കൂടിയാണ്. 2003ല്‍ മകളും മോഹിനിയാട്ടം നര്‍ത്തകിയുമായ വിജയലക്ഷ്മിക്കൊപ്പം മോഹിനിയാട്ടം എന്ന പേരില്‍ മറ്റൊരു പുസ്തകം കൂടി രചിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവു കൂടിയായ ഭാരതി ശിവജിയെ 2004ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷനും ഡയറക്ടര്‍ യു.വി. ജോസ്, മുന്‍് ചീഫ് സെക്രട്ടറി സി.പി. നായര്‍, പ്രശസ്ത കലാ നിരൂപകനും സംസ്‌കൃത പണ്ഡിതനുമായ ഡോ. വി.എസ്. ശര്‍മ, നൃത്ത പണ്ഡിതന്‍ സുനില്‍ കോത്താരി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സരസ്വതി നാഗരാജന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
Discussion about this post