തിരുവനന്തപുരം: സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രാഥമിക ചര്‍ച്ചയില്‍ പൂര്‍ണ സഹകരണമാണ് ലഭിച്ചതെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.
സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളെയും സിനിമാ വ്യവസായത്തിന്റെ പൊതു ആവശ്യങ്ങളും സംരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയാണ് നടന്നത്. സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കങ്ങളുണ്ട്. റിലീസിംഗുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും തിയേറ്ററുകളുടെ ഗ്രേഡിംഗ് നിശ്ചയിക്കുന്നതിലും, ലാഭവിഹിതം നീതിയുക്തമായി വിഭജിക്കുന്നതിലും നിലവില്‍ നിയമം ഇല്ലാത്ത സ്ഥിതിയാണ്. ഈ വിഷയത്തില്‍ നിയമനിര്‍മ്മാണത്തിലുള്ള അഭാവവും, ആവശ്യകതയും ചൂണ്ടിക്കാണിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു റഗുലേറ്ററി സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
സിനിമാ മേഖലയില്‍ റഗുലേറ്ററി സംവിധാനത്തിനുള്ള നിയമനിര്‍മ്മാണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പിന്തുണയ്ക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ സംഘടനാ പ്രതിനിധികളും അറിയിച്ചു.
ഇന്നസെന്റ് എംപി, എംഎല്‍എമാരായ മുകേഷ്, ഗണേഷ് കുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍ ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post