തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിന്മേലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പേരൂര്‍ക്കട പോലീസാണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് എസി കെ.ഇ ബൈജുവിനാണ് കേസിന്റെ അന്വേഷണ ചുമതല. അതിനിടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിയെ സിപിഎം ചുമതലപ്പെടുത്തി. നാളെ വിദ്യാഭ്യാസ മന്ത്രി മാനേജുമെന്റുമായി ചര്‍ച്ച നടത്തും. നേരത്തെ വിദ്യാഭ്യാസ മന്ത്രി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ഇരുപത് ദിവസമായി കോളേജ് അടഞ്ഞ് കിടക്കുകയാണ്.
സമരത്തില്‍ പങ്കെടുക്കാതെ മാറി നില്ക്കുന്ന വിദ്യാര്‍ത്ഥികളെ കൂട്ടുപിടിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് മാനേജുമെന്റ് തീരുമാനം. പ്രിന്‍സിപ്പാള്‍ മാറി നിന്നാല്‍ സമരക്കാര്‍ മറ്റാവശ്യങ്ങള്‍ ഉന്നയിക്കുമെന്നാണ് മാനേജുമെന്റിന്റെ നിലപാട്.
ലക്ഷ്മി നായര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ടും അതിന്മേല് സിന്‍ഡിക്കേറ്റ് കൈക്കൊണ്ട തീരുമാനങ്ങളും ഇന്ന് സര്‍ക്കാരിനെ സര്‍വകലാശാല അറിയിക്കും. പരീക്ഷാ ചുമതലകളില്‍ നിന്നും അഞ്ച് വര്‍ഷത്തേയ്ക്ക് ലക്ഷ്മി നായരെ വിലക്കണമെന്നാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
Discussion about this post