തിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത സാഹചര്യത്തില്‍ ചട്ടങ്ങള്‍ അനുശാസിക്കും വിധം ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ ഉടന്‍ സ്വീകരിക്കുന്നതിന് സര്‍വകലാശാലക്ക് നിര്‍ദ്ദേശം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
കേരള ലോ അക്കാദമി ലോ കോളേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച സിന്‍ഡിക്കേറ്റ് സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ടും, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇതു സംബന്ധിച്ച് എടുത്ത തീരുമാനങ്ങളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. കോഴ്‌സ് റഗുലേഷനിലെ ന്യൂനതകള്‍, ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍, പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിക്കപ്പെട്ട ഉപസമിതികള്‍ അടിയന്തരമായി യോഗം ചേര്‍ന്ന് ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post