തിരുവനന്തപുരം: കേരളാ ലോ അക്കാദമി ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) പി.എച്ച്. കുര്യനാണ് അന്വേഷണ ചുമതല. വി.എസ്. അച്യുതാനന്ദന്‍, വി. മുരളീധരന്‍, പൊതുപ്രവര്‍ത്തകന്‍ സി.എല്‍. രാജന്‍ എന്നിന്നവരുടെ കത്തുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയും പി.ജെ. ജോസഫ് റവന്യൂ മന്ത്രിയുമായിരുന്ന കാലത്ത് 1984 ജൂണ്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് അന്നത്തെ ചെട്ടിവിളാകം വില്ലേജില്‍ സര്‍വെ നമ്പര്‍ 1342/9 എ യിലും 10എ യിലും പെട്ട 11.29 ഏക്കര്‍ സ്ഥലം ലോ അക്കാദമിക്ക് പതിച്ച് നല്‍കാന്‍ തീരുമാനിച്ചത്. അതിന് മുമ്പ് മുപ്പത് വര്‍ഷം ഈ ഭൂമി അക്കാദമി പാട്ടത്തിന് എടുത്തിരിക്കുകയായിരുന്നു. ഈ ഭൂമി സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങള്‍ സംബന്ധിച്ചും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.












