കോഴഞ്ചേരി: ഭഗവത് ഗീത മാനവസമൂഹം പഠന വിഷയമാക്കണമെന്നും ഇതിലൂടെ പുതുതലമുറയെ നന്മയിലേക്ക് നയിക്കാന്‍ കഴിയുമെന്നും ചിന്മയാമിഷന്‍ ട്രസ്റ്റ് കേരള മേധാവി സ്വാമി വിവിക്തനന്ദസരസ്വതി. 105-ാമത് അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം വിദ്യാധിരാജ നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരികമായ ധന്യതയാണ് ജീവിതക്രമത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹംപറഞ്ഞു.
ലോകത്തിലെ പല സംസ്‌കാരങ്ങളും നാമാവശേഷമായപ്പോഴും ഭാരതീയ സംസ്‌കാരം നിലനില്‍ക്കുന്നത് വേദ-ഉപനിഷത്തുകളുടെ ഉള്‍ക്കാമ്പുകൊണ്ടാണെന്നും സമാപന സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി. ജെ. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, വൈസ് പ്രസിഡന്റ് പി.എസ്. നായര്‍, സെക്രട്ടറി എം.പി ശശിധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന മതപാഠ ശാല സമ്മേളനം ഡോ. ആശാഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ബി. ഭരത് ദ്വാജ്, അനന്തുവിജയന്‍, കേരളോത്സവത്തില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട കോകില ബി. നായര്‍ എന്നിവരെ സമാപന യോഗത്തില്‍ അനുമോദിച്ചു. രാത്രി ലക്ഷ്മീ നാരായണ പൂജയും തുടര്‍ന്ന് പ്രശാന്ത്വര്‍മ നയിച്ച ഭജന്‍സുമുണ്ടായിരുന്നു.












