ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ പ്രതിയായ കെ.എസ്.ഇ. ബി മുന്‍ ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാമഭദ്രന്‍ നായരുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് വിധി. എന്നാല്‍ കുറ്റക്കാരനെന്ന് വിധി നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. രാമഭദ്രന്‍ നായരുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടര്‍മാരും നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി ഈ തീരുമാനം എടുത്തത്. ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നില്ല. മറവി രോഗം ബാധിച്ച രാമഭദ്രന്‍ നായര്‍ക്ക് സ്വന്തം ഭാര്യയേയും മക്കളേയും തിരിച്ചറിയാന്‍ കഴിയുന്നില്ല. ദൈനംദിന കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാനുള്ള കഴിവില്ലെന്നും ഡോക്ടര്‍മാരുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളും സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടത്. ഒരു വര്‍ഷത്തെ കഠിനതടവിനാണ് രാമഭദ്രന്‍ നായരെ ശിക്ഷിച്ചത്. അദ്ദേഹം വിചാരണകാലയളവില്‍ ജയിലില്‍ കിടന്നിട്ടുണ്ടെങ്കില്‍ അത് ശിക്ഷാ കാലാവധിയായി കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു കേസിനും ഈ വിധി ബാധകമാകില്ലെന്നും പ്രത്യേക സാഹചര്യത്തിലാണ് ഈ വിധി പുറപ്പെടുവിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post