തിരുവനന്തപുരം: മുഖ്യമന്ത്രി അധ്യക്ഷനായി ചേര്‍ന്ന കിഫ്ബിയുടെ 28ാം യോഗത്തില്‍ 8041 കോടി രൂപയുടെ രണ്ടാംഘട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അംഗീകരിച്ചു. റോഡുകള്‍, പാലങ്ങള്‍, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി, പട്ടികവര്‍ഗ വികസനം, വൈദ്യുതി ട്രാന്‍സ്മിഷന്‍ ഗ്രിഡ് മുതലായ പദ്ധതികളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ വകുപ്പുകള്‍ ബോര്‍ഡിന്റെ പരിഗണനക്കായി സമര്‍പ്പിച്ച പദ്ധതികള്‍ പരിശോധിച്ചാണ് 8041 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചത്.
ഒന്നാംഘട്ടത്തില്‍ 4022 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിക്കപ്പെട്ടത്. ഒന്നാംഘട്ടത്തില്‍ അംഗീകരിച്ച പദ്ധതികള്‍ മിക്കവയുടെയും ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നു. ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് എന്നിവയുടെ ചില പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍വഹണം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ട പദ്ധതിപ്രവര്‍ത്തനങ്ങളില്‍ യോഗം തൃപ്തി രേഖപ്പെടുത്തി. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന പണം തടസം കൂടാതെ സേവനദാതാവ്, സപ്ലൈയര്‍, കോണ്‍ട്രാക്ടര്‍ മുതലായവര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് കിഫ്ബിയില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള ഡയറക്ടര്‍ ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കി.












