* മിത്ര 181 വനിത ഹെല്‍പ് ലൈന്‍ പദ്ധതിയ്ക്ക് തുടക്കമായി
തിരുവനന്തപുരം: പോലീസ് സേനയിലെ സ്ത്രീകളുടെ പ്രാതിനിധ്യം 50 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 15 ശതമാനമായി വര്‍ധിപ്പിക്കുകയും തുടര്‍ന്ന് ഘട്ടംഘട്ടമായി അന്‍പത് ശതമാനമെന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യും. വനിതകള്‍ക്കായി പ്രത്യേക ബറ്റാലിയന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലുളള മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപും കോ ബാങ്ക് ടവേഴ്‌സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമായിട്ടുപോലും കേരളത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയെ പ്രശ്‌നങ്ങളായി തന്നെ കണ്ടുകൊണ്ട് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പുതന്നെ രൂപീകരിക്കും. ഇതിനുളള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണവും കൂട്ടായ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നും വനിതാവികസന കോര്‍പ്പറേഷന്‍പോലുളള സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ കൈയെടുത്തു പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികള്‍ എത്ര പ്രബലരായാലും സ്വാധീനമുളളവരായാലും പിടിക്കപ്പെടുമെന്ന ബോധം ജനങ്ങളിലുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് അതിക്രമങ്ങള്‍ മറച്ചുവെക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുന്നത്. സ്ത്രീകള്‍ക്ക് അടിയന്തരഘട്ടങ്ങളിലും അല്ലാതെയും സഹായം നല്‍കുന്ന മിത്ര 181 ഹെല്‍പ് ലൈനിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നിരീക്ഷിക്കുമെന്നും കാലികമാറ്റങ്ങള്‍ വരുത്തി നിലനിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും അധ്യക്ഷതവഹിച്ച ആരോഗ്യ സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ചടങ്ങില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ, സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി. ബിന്ദു വി.സി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. ഗീനാകുമാരി, കെ.എം. ലീലാ മണി, അന്നമ്മ പൗലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post