തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് കേരളത്തിന് കാലാനുസൃതമായ പുരോഗതി കൈവരിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നവകേരളസൃഷ്ടിക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ 26ാം വാര്‍ഷികം സംസ്ഥാനതല ആഘോഷം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം വിദ്യാഭ്യാസരംഗത്ത് നേടിയ പുരോഗതികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയെടുത്തതാണ്. കേരളം ഇന്ന് കൈവരിച്ച വിദ്യാഭ്യാസ പുരോഗതികള്‍ക്കു പിന്നില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചത് നവോത്ഥാന കാലഘട്ടമാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി എന്നീ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസരംഗത്ത് വിപ്‌ളവകരമായ മാറ്റങ്ങള്‍ക്ക് കാരണമായി. നവോത്ഥാനകാലത്തിന്റെ ആഹ്വാനത്തിലെ ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് ആധുനികകേരളം രൂപപ്പെടുന്നത്. ആ ആശയങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഇന്ന് നാം കാണുന്ന നേട്ടങ്ങള്‍ക്ക് അടിത്തറയിട്ടത്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യകേരള മന്ത്രിസഭയാണ് സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ കൂടുതല്‍ പൊതു വിദ്യാലയങ്ങള്‍ അനുവദിക്കുകയും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുകയും ചെയ്തു. ഇന്നത്തെ നൂതന സാങ്കേതിക വിദ്യകള്‍ അനുസരിച്ചുള്ള പാഠ്യപദ്ധതികളും ബോധനരീതികളുമാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച പഠിതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സഹകരണദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ചെയ്തു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. മധു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉഷാ ടൈറ്റസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post