ആലപ്പുഴ: പുണ്യപുരാതനമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണങ്ങള്‍ കണ്ടെത്തി. ക്ഷേത്രത്തിലെ രണ്ടു കാണിക്ക വഞ്ചി എണ്ണുമ്പോള്‍ അതിനുള്ളില്‍ നിന്നാണു ലഭിച്ചത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു തിരുവാഭരണങ്ങള്‍. കഴിഞ്ഞ മാസമായിരുന്നു ദേവനു ചാര്‍ത്തുന്ന തിരുവാഭരണം നഷ്ടപ്പെട്ടത്. തിരുവാഭരണം നഷ്ടപ്പെട്ട ശേഷം രണ്ടു വട്ടം ഭണ്ഡാരം തുറന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും ആഭരണങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നില്ല. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പ്രധാന മാല ലഭിച്ചത്. ഗണപതി നടയിലെ ഭണ്ഡാരത്തില്‍ നിന്നാണ് പതക്കം ലഭിച്ചത്. രണ്ടു ആഭരണങ്ങള്‍ക്കും ചെറിയ കേടു പാടുകളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളില്‍ മാത്രമാണു തിരുവാഭരണം പുറത്തെടുക്കാറുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരുവാഭരണം കണ്ടുകിട്ടിയത്. തിരുവാഭരണത്തിലെ മൂന്നു മാലകളില്‍ രണ്ടാം നിര മാലയും പതക്കവുമാണു അന്ന് നഷ്ടപ്പെട്ടത്. ചെമ്പകശേരി രാജാവിന്റെ കാലത്താണ് അമൂല്യമായ ആഭരണം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. എട്ടു തോല 18.5 പണമിട ഏകദേശം 98 ഗ്രാം (12 പവന്‍) തൂക്കമുണ്ട് തിരുവാഭവരണത്തിന്.
അമ്പലത്തിലെ സ്‌ട്രോങ് റൂമിലാണു തിരുവാഭരണം സൂക്ഷിക്കുന്നത്. ഉത്സവം, വിഷു, പ്രതിഷ്ഠാദിനം, അഷ്ടമിരോഹിണി എന്നീ വിശേഷ ദിവസങ്ങളില്‍ മാത്രമാണു തിരുവാഭരണം ധരിപ്പിക്കുന്നത്. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറാണ് ഇവ മേല്‍ശാന്തിക്കു കൈമാറുന്നത്. കഴിഞ്ഞ ഉത്സവത്തിനു നല്‍കുകയും തിരികെ വാങ്ങുകയും ചെയ്തിരുന്നു. പിന്നീടു വിഷുവിനും ചാര്‍ത്താന്‍ നല്‍കിയിരുന്നു. പക്ഷേ ചാര്‍ത്തിയില്ല. ഇതില്‍ സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണു തിരുവാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.












