തിരുവനന്തപുരം: പ്രാണിജന്യ രോഗനിയന്ത്രണത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കല്‍പ്പന ബറുവയുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് നിര്‍ദ്ദേശം നല്‍കിയത്.
കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ വ്യാഴാഴ്ചയാണ് ഡോ. കല്‍പ്പന എത്തിയത്. ദേശീയ ആരോഗ്യദൗത്യം മുഖേന കേരളത്തിന് പണം ലഭിച്ചിരുന്നു. എന്നാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ആവശ്യമെങ്കില്‍ അനുവദിക്കാന്‍ സാധിക്കുമെന്ന് ഡോ. കല്‍പ്പന അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. രോഗനിയന്ത്രണത്തിന് ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ ഡോ. കല്‍പ്പന അഭിനന്ദിച്ചു. രോഗപ്രതിരോധത്തിന് തദ്ദേശസ്വയംഭരണം, ജലവിഭവം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിച്ചു.
ജനങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായ ബോധവത്കരണം സംഘടിപ്പിക്കണം. ജനങ്ങള്‍ അശ്രദ്ധയോടെ വലിച്ചെറിയുന്ന വിവിധ വസ്തുക്കള്‍ കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറുന്നുണ്ട്. കാലവര്‍ഷത്തിന് മുന്‍പെത്തിയ ഇടവിട്ടുള്ള വേനല്‍മഴ കൊതുക് വര്‍ദ്ധനയ്ക്ക് കാരണമായെന്ന് ഡോ. കല്‍പന മന്ത്രിയെ അറിയിച്ചു. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗ നിയന്ത്രണത്തിന് ഫലപ്രദമായ പ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
പ്രാണിജന്യ രോഗനിയന്ത്രണ വിഭാഗത്തിലെ ഡോ. പ്രവീണ്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത, പബ്‌ളിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീന, ഡോ. ശ്രീഹരി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Discussion about this post