മുംബൈ: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡിന് ഒടുവില്‍ പേരായി. റുപിയ (രൂപയുടെ ഹിന്ദി) എന്നായിരിക്കും സ്വദേശി കാര്‍ഡിന്റെ പേര്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് പേരിന് അന്തിമരൂപം നല്‍കിയത്. ഇവരുടെ നേതൃത്വത്തിലാണ് പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികതയില്‍ വികസിപ്പിക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ ഒരുക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ പൂര്‍ണ പിന്തുണയോടെയുള്ള പദ്ധതിയില്‍ രാജ്യത്തെ മുന്‍നിര പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും പങ്കാളികളാണ്. ‘റുപിയ’യുടെ ലോഗോയുടെ രൂപകല്‍പനയും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഇത് ലഭ്യമായിട്ടില്ല.
ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയോട് മത്സരിക്കാന്‍ പോന്ന ‘റുപിയ’ ഇന്ത്യന്‍ പേയ്‌മെന്റ് ഗേറ്റ്‌വേ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഡിന്റെയും പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനത്തിന്റെയും ഘടനയും രൂപകല്‍പനയും സോഫ്റ്റ്‌വേറും വികസിപ്പിക്കാന്‍ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിനെ നിയോഗിച്ചിട്ടുണ്ട്.
‘റുപിയ’യുടെ വരവ് ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ മേധാവിത്വം തകര്‍ക്കുമെന്ന് മാത്രമല്ല ബാങ്കുകളുടെ ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്യും. രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്‍ഡുകളാണ് (ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും) നിലവിലുള്ളത്. ഇവയില്‍ ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനികളുടെ പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്.
Discussion about this post