കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍(60) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഞായറാഴ്ച വൈകിട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനുവച്ചശേഷം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
പ്രമേഹം മൂലം കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരുമാസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
കോട്ടയം കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വര്‍ഷ എന്നിവര്‍ മക്കള്‍. രമണി സഹോദരിയാണ്.












