തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിച്ച ആദിപമ്പയിലൂടെ പള്ളിയോടങ്ങള്‍ക്ക് പുത്തന്‍കാവിലെ അത്തിമൂട് കയം ഒഴിവാക്കി ഇനി ആറന്മുളയ്ക്ക് പോകാം. വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകവെ പള്ളിയോടങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ ആദിപമ്പയെ പുനരുജ്ജീവിപ്പിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ്.
വഞ്ഞിപ്പോട്ടില്‍ക്കടവിലെ ചപ്പാത്ത് പൊളിച്ച ശേഷം ആദ്യമായി കിഴക്കനോതറകുന്നേകാട് പള്ളിയോടം ആറന്മുളയിലേക്ക് തുഴഞ്ഞ് എത്തി. രാവിലെ 9.30 ന് ചേലൂര്‍ക്കടവില്‍ നിന്ന് യാത്ര തിരിച്ച പള്ളിയോടം അവശേഷിച്ചിരുന്ന ചെറിയ തടസങ്ങളെയും അതിജീവിച്ചാണ് ആദിപമ്പയിലൂടെ പമ്പാനദിയില്‍ ആറാട്ടുപുഴയിലേക്ക് പ്രവേശിച്ചത്. കുന്നേകാട് പള്ളിയോടം ആറാട്ടുപുഴയെത്തിയപ്പോള്‍ ആദിപമ്പയുടെ ഓളപ്പരപ്പില്‍ മറ്റൊരു പള്ളിയോടം നീരണിഞ്ഞു. പുതുക്കുളങ്ങര പള്ളിയോടം കഴിഞ്ഞ പ്രാവശ്യം പോളയിലും പായലിലുമാണ് നീരണഞ്ഞതെങ്കില്‍ ഇത്തവണ വെള്ളത്തുള്ളികള്‍ ഒളിച്ചുകളിക്കാത്ത പുഴയുടെ വിരിമാറിലാണ് നീരണിഞ്ഞത്. പുതുക്കുളങ്ങര പള്ളിയോടം ആഗസ്റ്റ് ആദ്യവാരം ആറന്മുളയില്‍ വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായി പോകും.
പുതുക്കുളങ്ങര, കിഴക്കനോതറകുന്നേകാട്, ഓതറ, മംഗലം എന്നീ പള്ളിയോടങ്ങള്‍ക്ക് ആദിപമ്പയുടെ തീരത്താണ് പള്ളിയോടപ്പുരകളുള്ളത്. ഇതു കൂടാതെ പടിഞ്ഞാറന്‍ മേഖലയിലെ മറ്റ് 13 പള്ളിയോടങ്ങള്‍ക്കും ആദിപമ്പവഴി ആറന്മുളയിലെത്താന്‍ നദീപുനരുജ്ജീവനം സഹായകമാകും. ഇനിയുള്ള പ്രധാന തടസം ചേലൂര്‍ക്കടവ് പാലത്തിന്റെ പൊക്കമില്ലായ്മയാണ്. വെള്ളപ്പൊക്കമുള്ളപ്പോള്‍ പള്ളിയോടങ്ങള്‍ക്ക് ചേലൂര്‍ക്കടവ് പാലം തടസമാകും. എന്നാല്‍, നിലവിലുള്ള വെള്ളത്തില്‍നിന്ന് നാലടി വെള്ളം വരെ ഉയര്‍ന്നാലും ചേലൂര്‍ക്കടവ് പാലത്തിനടിയിലൂടെ പള്ളിയോടങ്ങള്‍ക്ക് കടന്നുപോകാനാകും.












