തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിര്‍മിക്കുന്ന എല്ലാ കെട്ടിട സമുച്ചയങ്ങളുടെയും ആകെ വിസ്തീര്‍ണത്തിന്റെ നിശ്ചിത ശതമാനം മഴവെള്ളസംഭരണി നിര്‍മാണത്തിനായി മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്‌നോ പാര്‍ക്കിന്റെ ഭാഗമായി പള്ളിപ്പുറത്ത് സ്ഥാപിക്കുന്ന ടെക്‌നോസിറ്റിയിലെ ആദ്യ സ്ഥാപനമായ സണ്‍ടെക് കാമ്പസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. പെയ്യുന്ന ഓരോ മഴയുടെ വെള്ളവും നാളേയ്ക്കായി സംഭരിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മഴവെള്ള സംഭരണികള്‍ നിര്‍മിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ടെക്‌നോ പാര്‍ക്കിന്റെ ഭാഗമായ ടെക്‌നോ സിറ്റിയിലെ ആദ്യ സ്ഥാപനമായി നിര്‍മിക്കുന്ന സണ്‍ടെക് കാമ്പസ് നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും. നിര്‍മാണ നടപടികളെ തടസപ്പെടുത്തുന്ന നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ സണ്‍ടെക് ബിസിനസ് സൊലൂഷന്‍ സി.ഇ.ഒ കെ. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. സമ്പത്ത് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, ആണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ജില്ലാ പഞ്ചായത്തംഗം എം. ജലീല്‍, കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തംഗം എസ്. ജലജകുമാരി, ആണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തംഗം വി. ജയചന്ദ്രന്‍, ടെക്‌നോ പാര്‍ക്ക് സി.ഇ.ഒ ഋഷികേശന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












