കോട്ടയം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും എടുത്തതായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉദയനാപുരം പഞ്ചായത്ത് സംഘടിപ്പിച്ച ഓണം ഫെസ്റ്റിന്റെ ഉദ്ഘാടനം നാനാടം ആതുരാശ്രമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരിവില നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജയ അരി ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയിട്ടുള്ള ഓണച്ചന്തകളില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനും കാര്‍ഷികോല്പാദനത്തില്‍ സ്വയംപര്യാപ്തമാകുന്നതിനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. നെല്ലും മറ്റ് കാര്‍ഷികോല്പന്നങ്ങളും ലാഭകരമായി ഉല്പാദിപ്പിക്കുന്നതിനും കാര്‍ഷികമേഖലയില്‍ കര്‍ഷകരെ പിടിച്ചുനിര്‍ത്തുന്നതിനും സഹായിക്കുന്ന ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് പ്രദീപ് മാളവികയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ സി.കെ. ആശ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ കേരളോത്സവം പരിപാടി സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, ബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണം ഫെസ്റ്റിന്റെ ഭാഗമായി സെപ്തംബര്‍ മൂന്നു വരെ കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. കുടുംബശ്രീ ഉല്പന്നങ്ങളുടെ പ്രദര്‍ശനവിപണന മേളയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.












