തിരുവനന്തപുരം: ശാസ്ത്രപുസ്തകങ്ങളും മാനവിക പുസ്തകങ്ങളും കൂടുതല്‍ ജനങ്ങളില്‍ എത്തിക്കേണ്ട കാലഘട്ടമാണിതെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുവര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ വൈജ്ഞാനികവിഷയങ്ങള്‍ അടിസ്ഥാനമാക്കി ഈ മേഖലയിലെ തന്നെ പ്രശസ്തരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ കൂടുതലായി കേരളത്തിനകത്തും പുറത്തും ജനങ്ങളിലെത്തിക്കാന്‍ നടപടിയെടുക്കും. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്താന്‍ മുഴുവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും വായനാക്കൂട്ടങ്ങള്‍ സംഘടിപ്പിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ മന്ദിരം സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കും. സര്‍ഗാത്മകതയുടെ പുതിയ സാംസ്‌കാരിക അവബോധം സൃഷ്ടിക്കാനും സാംസ്‌കാരികസ്ഥാപനങ്ങളെ ശക്തമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാംസ്‌കാരിക മേഖലയ്ക്ക് നവോന്‍മേഷം പകരുന്നരീതിയില്‍ അക്കാദമികളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഗ്രാന്റ് ഗണ്യമായി വര്‍ധിപ്പിക്കുകയും ജനകീയവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിനുപുറത്തുള്ള ലക്ഷക്കണക്കിന് മലയാളികളെക്കൂടി പങ്കെടുപ്പിച്ച് മറ്റു സംസ്ഥാനങ്ങളില്‍ സാംസ്‌കാരിക വിനിമയ പരിപാടികള്‍ നടത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം തെലുങ്കാനയില്‍ നടത്തിയ പരിപാടിക്ക് ശേഷം ഇനി ദല്‍ഹിയിലാണ് നടത്തുന്നത്. കേരളത്തിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളെ സ്പര്‍ശിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്കായി സാംസ്‌കാരിക ടൂര്‍ പരിപാടി ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വളര്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യ ഡയറക്ടറായിരുന്ന എന്‍.വി കൃഷ്ണവാര്യരുടെ സേവനങ്ങള്‍ മറക്കാനാകില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ ആറുവര്‍ഷങ്ങളില്‍ 375 വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്ഥാപിത ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സ്ഥാപനം മുന്നോട്ടുപോകുന്നത്. കേരളത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ജീവിതത്തില്‍ മായാത്ത വൈജ്ഞാനിക മുദ്ര പതിപ്പിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്ഇന്നലെ, ഇന്ന്, നാളെ എന്ന ലഘുപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എ.കെ. രാജന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ സ്വാഗതവും ഭരണസമിതിയംഗം ഡോ. എസ്. രാജശേഖരന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനെത്തുടര്‍ന്ന് അയിലം ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച ‘നമുക്ക് ജാതിയില്ല’ കഥാപ്രസംഗം നടന്നു.
സെപ്റ്റംബര്‍ 20 വരെയുള്ള അഞ്ചുദിവസങ്ങളില്‍ വിവിധ വിഷയങ്ങളിലുള്ള വൈജ്ഞാനിക സെമിനാറുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, പുസ്തക പ്രകാശനം തുടങ്ങിയവ നടക്കും.
Discussion about this post