പത്തനംതിട്ട: പമ്പയിലെ ബലിതര്‍പ്പണത്തിന് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഒക്ടോബര്‍ നാലിന് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം തിരുവനന്തപുരത്ത് ചേരും. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിഷയം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് ഉടന്‍ പരിഹരിക്കും. പരാതികള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 17ന് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ബലിതര്‍പ്പണം പോലുള്ള കാര്യങ്ങള്‍ക്ക് പമ്പയിലെ ചില ഭാഗങ്ങള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. പാര്‍ക്കിംഗിനായി നല്‍കിയിട്ടുള്ള താത്ക്കാലിക ഇടങ്ങള്‍ സ്ഥിരം നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തര്‍ക്കമുള്ളത്. ഇവിടെ ഒരു തരത്തിലുള്ള സ്ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. സീസണ്‍ കഴിയുമ്പോള്‍ പൊളിച്ചുമാറ്റാവുന്ന താത്കാലിക ഷെഡുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.












