ഗുവാഹത്തി: ആസാമില്‍ അധികാരത്തിലെത്തുക എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുഷമ സ്വരാജ് അറിയിച്ചു. കോണ്‍ഗ്രസിന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ആസാമിലെമ്പാടും ബിജെപി കരുത്തുറ്റ വിജയം നേടിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
ബീഹാറിലും പഞ്ചാബിലും ബിജെപി നേടിയെടുത്ത തിളക്കമാര്‍ന്ന വിജയം ആസാമിലും ആവര്‍ത്തിക്കപ്പെടുമെന്നും സംസ്ഥാനത്ത് സ്വന്തമായി മന്ത്രി സഭ രൂപീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വമെന്നും അവര്‍ പറഞ്ഞു. ബിജെപിക്ക് അനുകൂലമായ നിലപാടെടുക്കുന്ന സഖ്യകക്ഷികളുമായി തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുക്കുന്നത് ബിജെപി കേന്ദ്രഘടകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും സംസ്ഥാനനേതൃത്വവും അഴിമതിയില്‍ മൂക്കറ്റം മുങ്ങിയിരിക്കുകയാണെന്നും പൊതുജനവികാരം കോണ്‍ഗ്രസിനെതിരാണെന്നും സുഷമാസ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ വോട്ട് ബാങ്കില്‍ ഭിന്നിപ്പുണ്ടെന്ന ആഭ്യന്തരകക്ഷികളുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഉള്‍ഫാ ഭീകരവാദികളുമായി കൂട്ടുചേര്‍ന്ന് ആസാമിലെ ക്രമസമാധാന നില തകരാറിലാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തിരികെയെത്താനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിലേയും പശ്ചിമബംഗാളിലേയും തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെങ്കിലും പാര്‍ട്ടിക്ക് അധികാരത്തിലെത്താനുള്ള മികച്ച പരിതസ്ഥിതി ആസാമിലാണ് നിലവിലുള്ളതെന്നും സുഷമ അറിയിച്ചു. സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കും അനധികൃതകുടിയേറ്റത്തിനുമെതിരായി ശക്തമായ നിലപാടെടുക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post