പത്തനംതിട്ട: തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ കാര്‍ഷിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നിരവധി നൂതന സാങ്കേതിക പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ആത്മ, കൃഷി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അടൂരില്‍ സംഘടിപ്പിച്ച കേദാരം 2017 സാങ്കേതിക വിജ്ഞാന സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകനെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പുതിയ കാര്‍ഷിക രീതികളും ശാസ്ത്രീയമായ കൃഷി രീതികളും നടപ്പാക്കുക, ജീവന്റെ ആധാരമായ പ്രകൃതിയെ തിരിച്ചുകൊണ്ടുവരിക, പ്രകൃതിയുടെ മൂലധനം സംരക്ഷിക്കുക, തരിശുനിലങ്ങള്‍ കൃഷി ചെയ്യുക തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. കര്‍ഷകര്‍ ഉപേക്ഷിച്ച് പാഴായികിടക്കുന്ന ട്രാക്ടര്‍, ടില്ലര്‍, തുടങ്ങിയവ കണ്ടെത്തി കാര്‍ഷിക കര്‍മസേനയുടെ കീഴില്‍ കൊണ്ടുവന്ന് അഗ്രോക്ലിനിക്ക് സമ്പ്രദായം നടപ്പാക്കും.
2018ഓടുകൂടി സംസ്ഥാനത്ത് കാര്‍ഷിക കര്‍മസേന രൂപീകരിക്കും. 500 അഗ്രോക്ലിനിക്കുകളും 1000 ഗ്രാമചന്തകളും ഈ വര്‍ഷം ആരംഭിക്കും. മൊബൈല്‍ വിപണന യൂണിറ്റുകളിലൂടെ ഇടനിലക്കാരില്ലാതെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കും. വിള ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന കാര്‍ഷിക പ്രദര്‍ശനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു.
Discussion about this post