* ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: ഊര്‍ജസംരക്ഷണത്തിന് എല്ലാ നൂതന മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ ശ്രീകാര്യം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഊര്‍ജോത്പാദനത്തില്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നെങ്കിലും ജല വൈദ്യുത പദ്ധതികള്‍ക്ക് പരിമിതിയുണ്ട്. സോളാര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ബാണാസുരസാഗര്‍ ഡാമില്‍ പുതിയ പദ്ധതി തുടങ്ങിയിട്ടുണ്ട്. ഉള്ള സ്ഥലം ഉപയോഗപ്പെടുത്തി പരമാവധി ഉത്പാദനമാണ് ലക്ഷ്യം. പവര്‍ക്കട്ട് ഇല്ലാതെ കൊണ്ടുപോകുന്നുണ്ടെങ്കിലും കേരളത്തില്‍ വൈദ്യുതോല്‍പാദനം ആവശ്യമുള്ളതിലും വളരെ കുറവാണ്.
നിശ്ചിത സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടുകളില്‍ സോളാര്‍ സംവിധാനം നിര്‍ബന്ധമാക്കുന്നത് ആലോചിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സോളാര്‍ വൈദ്യുതിയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം. പ്രസരണനഷ്ടവും കുറയ്‌ക്കേണ്ടതുണ്ട്. ഊര്‍ജോത്പാദനം വര്‍ധിപ്പിക്കുന്നതുപോലെത്തന്നെ പ്രധാനമാണ് ഊര്‍ജസംരക്ഷണവും. കേരളത്തിന്റെ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമാണ് കഴിഞ്ഞദിവസം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയ അവാര്‍ഡെന്നും മന്ത്രി പറഞ്ഞു.
അവാര്‍ഡ് ബുക്ക്‌ലെറ്റിന്റെയും ഊര്‍ജസംരക്ഷണ ചോദ്യോത്തരങ്ങളടങ്ങിയ ‘ഹലോ ഇ.എം.സി’ പുസ്തകത്തിന്റെയും പ്രകാശനം മന്ത്രി നിര്‍വഹിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍ വിഭാഗത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡും, ടാറ്റാ ഗ്ലോബല്‍ ബിവറേജസ് മൂന്നാറും അവാര്‍ഡ് ഏറ്റുവാങ്ങി. കൊച്ചിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഈ വിഭാഗത്തില്‍ പ്രശസ്തി പത്രത്തിനര്‍ഹമായി. ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍ വിഭാഗത്തില്‍ കോഴിക്കോട് മില്‍മ യൂണിറ്റിന് അവാര്‍ഡും, വയനാട് മില്‍മ യൂണിറ്റിന് പ്രശസ്തി പത്രവും ലഭിച്ചു.
കെട്ടിടങ്ങള്‍ വിഭാഗത്തില്‍ കോട്ടക്കലിലെ വൈദ്യരത്‌നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളേജ് അവാര്‍ഡ് സ്വീകരിച്ചു. ഇടശ്ശേരി എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കുമരകം ലേക്ക് സോംഗ് റിസോര്‍ട്ട് പ്രശസ്തി പത്രവും നേടി. പീലിക്കോട് ഗ്രാമപഞ്ചായത്താണ് സ്ഥാപനങ്ങള്‍ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായത്. സതേണ്‍ റയില്‍വേ പാലക്കാട് ഡിവിഷന്റെ ഇലക്ട്രിക്കല്‍ വകുപ്പും, മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജും ഈ വിഭാഗത്തില്‍ പ്രശസ്തി പത്രത്തിനര്‍ഹമായി. വ്യക്തിഗത വിഭാഗത്തില്‍ ജയ്ഭാരത് കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നിസാം റഹ്മാനിന് അവാര്‍ഡ് ലഭിച്ചു.
Discussion about this post