ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും ഭീകരരെ ഇല്ലാതാക്കാനായി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്.
സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നൽകേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിന്‍റേത് തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിർത്തി കടന്ന് ആക്രമിക്കാൻ തീരുമാനിച്ചു. അതിനായി അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതിൽ ചില ഭീകരകേന്ദ്രങ്ങൾ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകർക്കാനായി. അജ്മൽ കസബിനെയും ഡേവിഡ് ഹെഡ്‍ലിയെയും പരിശീലിപ്പിച്ച മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ് ആക്രമണം നടത്താൻ ഉന്നമിട്ടതിൽ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.
ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടു. ക്യാമ്പുകളുടെ ദൃശ്യങ്ങൾ സഹിതമാണ് വിവരിച്ചത്. രാവിലെ ഏഴുമണിക്ക് ആയിരുന്നു ആക്രമണം. ബാവൽ പൂർ ട്രെയിനിങ് ക്യാമ്പ് ഇരു നില കെട്ടിടം പൂർണമായി തകർന്നു. ജനവാസ കേന്ദ്രങ്ങളില് ഒരു നാശനഷ്ടവുമുണ്ടായില്ലെന്ന് ദൃശ്യങ്ങളടക്കം തെളിവ് നല്കി. ശേഷം ഓരോ ഭീകരകേന്ദ്രങ്ങളുടെയും ഭൂപ്രകൃതി, നിർമാണ രീതി അടക്കം വിശദമായി പരിശോധിച്ചു. കൃത്യമായി ഉന്നമിട്ട് ആക്രമിക്കാനായി വിമാനങ്ങൾക്ക് ഈ സ്ഥലങ്ങളുടെ വെക്റ്ററുകൾ നൽകാനായി. ഏഴാം തീയതി അർദ്ധരാത്രിയോടെ ആക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങൾ അടക്കം നേരത്തേ പുറത്തുവിട്ടതാണ്. 100 ഭീകരരെ വധിക്കാനായി. അതിൽ ഇന്ത്യയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉള്ള ഭീകരരും ഉൾപ്പെടുന്നുണ്ട്. യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദസ്സിർ അഹമ്മദ് എന്നിവർ ഇന്ത്യ വധിച്ചവരുടെ പട്ടികയിൽ പ്രധാനപ്പെട്ടവരാണ്. കാണ്ഡഹാറിലും പുൽവാമ സ്ഫോടനത്തിലും ഉൾപ്പെട്ടവരാണ് ഇവർ. പാകിസ്ഥാൻ പിന്നാലെ പരിഭ്രാന്തരായി ഇന്ത്യയുടെ അതിർത്തിയിലെ ജനവാസമേഖലകളെ ആക്രമിച്ചു. ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമിച്ചതിനെ വ്യോമസേന ഓരോന്നും പ്രായോഗികമായി ചെറുത്തുവെന്നും സേനാ പ്രതിനിധികൾ വ്യക്തമാക്കി.
Discussion about this post