ദില്ലി: പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ വിദേശ, പ്രതിരോധ മന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. വലിയ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ പാകിസ്ഥാന്‍ തുടരുകയാണ്. ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തുവെന്ന തരത്തില്‍ പാക് മാധ്യമങ്ങളടക്കം പ്രചാരണം നടത്തുന്നുണ്ട്. പാകിസ്ഥാന്‍ ഇപ്പോഴും ജനവാസമേഖലകളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നു എന്ന പ്രചാരണം വ്യാജമാണ്. ഇന്ത്യന്‍ ഊര്‍ജ ഇടനാഴിയും പവര്‍ ഗ്രിഡും നിര്‍വീര്യമാക്കിയെന്ന തരത്തിലുള്ള പ്രചാരണവും അടിസ്ഥാനരഹിതമാണ്. ശ്രീ അമൃത്സര്‍ സാഹിബിന് നേരെ ആക്രമണം നടത്തിയത് ഇന്ത്യ തന്നെയെന്ന പാക് പ്രസ്താവന തെറ്റാണ്. ഇന്ത്യന്‍ മിസൈലുകള്‍ അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയെന്നും വ്യാജ പ്രചാരണം നടത്തുന്നു. അഫ്ഗാനില്‍ കഴിഞ്ഞ കുറച്ച് കാലമായി ആക്രമണം നടത്തിയത് ആരെന്ന് അവര്‍ക്ക് തന്നെ അറിയാം എന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നും കേണല്‍ സോഫിയ ഖുറേഷി വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജമ്മു കശ്മീരിലും പഞ്ചാബിലും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മതകേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ ആക്രമിക്കുന്നുണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആളില്ലാ ചെറു വിമാനങ്ങള്‍, സായുധ ഡ്രോണുകള്‍, ലോയിറ്ററിംഗ് മെഷിനുകള്‍, ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ ജനവാസമേഖലകളെയും സൈനികത്താവളങ്ങളെയും ഒരു പോലെ ലക്ഷ്യമിട്ടിരുന്നു. പല തവണ വ്യോമാതിര്‍ത്തി ഭേദിച്ചെത്തിയായിരുന്നു ആക്രമണങ്ങള്‍. ശ്രീനഗര്‍ മുതല്‍ നല്യ വരെ 26 ഇടങ്ങളില്‍ വ്യാപക ആക്രമണങ്ങള്‍. ഉദ്ധംപൂര്‍, പഠാന്‍കോട്ട്, ആദംകോട്ട്, ഭുജ് എന്നിവയായിരുന്നു പാകിസ്ഥാന്റെ ഉന്നം. പഞ്ചാബിലെ പല വ്യോമത്താവളങ്ങള്‍ക്കും നേരെ പുലര്‍ച്ചെ 1.40-ന് ശേഷം മിസൈലാക്രമണമുണ്ടായി. ഇതിന് തിരിച്ചടി മാത്രമാണ് ഇന്ത്യ നല്‍കിയത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post