പാലാ: സ്വതന്ത്രചിന്തകനും എഴുത്തുകാരനും നിരൂപകനുമായ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പാലാ ഇടമറ്റം ഓശാനമൗണ്ടില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു വിയോഗം. സംസ്‌കാരം ഇന്നു രാവിലെ 11 ന് ഓശാനമൗണ്ടില്‍. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പ്രത്യേക ശുശ്രൂഷകളൊന്നും കൂടാതെ മൃതദേഹം ദഹിപ്പിക്കുകയാണു ചെയ്യുന്നത്. കണ്ണുകള്‍ കോട്ടയം മെഡിക്കല്‍ കോളജിനു ദാനം ചെയ്തു. ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
1932 ഏപ്രില്‍ 14ന് പുലിക്കുന്നേല്‍ മിഖായേല്‍ സ്‌കറിയ-എലിസബത്ത് ദന്പതികളുടെ മകനായി ജനനം. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളജ്, മദ്രാസ് ലയോള കോളജ്, പ്രസിഡന്‍സി കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1956ല്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ ലക്ചററായെങ്കിലും 1967 ല്‍ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ഡിസിസി എക്‌സിക്യൂട്ടീവ് അംഗം, കെപിസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപനത്തിലും പങ്കു വഹിച്ചു. 1969-76 ല്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബറായി. 1975 ല്‍ അദ്ദേഹം ആരംഭിച്ച ഓശാന മാസിക 2014 മാര്‍ച്ച് വരെ പ്രസിദ്ധീകരിച്ചിരുന്നു. സഭയുടെ നിലപാടുകളെ നിശിതമായി അദ്ദേഹം ഓശാനയിലൂടെ വിമര്‍ശിച്ചിട്ടുണ്ട്. സന്പൂര്‍ണ ബൈബിള്‍ തര്‍ജിമ ചെയ്ത് 1983 ല്‍ ഓശാന ബൈബിള്‍ പ്രസിദ്ധീകരിച്ചു. 1982ല്‍ കോട്ടയം കുടയംപടിയില്‍ കാന്‍സര്‍ രോഗികള്‍ക്കായി സൗജന്യ സാന്ത്വന ശുശ്രൂഷാകേന്ദ്രം ആരംഭിച്ചു. 1991 ല്‍ ഇത് ഇടമറ്റം ഓശാനമൗണ്ടിലേക്കു മാറ്റി സ്ഥാപിച്ചു. ഇടമറ്റത്ത് വേര്‍ഡ് ആന്‍ഡ് ഡീഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. 1994ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്റ്റ്യന്‍ സ്റ്റഡീസ് ആരംഭിച്ചു. 14 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ കൊച്ചുറാണി കാവാലം മണ്ഡകപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: റസീമ, റീനിമ, പരേതയായ രാഗിമ, രാജു, രതീമ. മരുമക്കള്‍: ജോര്‍ജ് മാത്യു വാഴേപറന്പില്‍ (ചങ്ങനാശേരി), അഡ്വ. അശോക് എം. ചെറിയാന്‍ മഠത്തിപ്പറന്പില്‍ (എറണാകുളം), അഡ്വ. കെ.സി. ജോസഫ് കിഴക്കയില്‍ (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡി.സി. കിഴക്കേമുറിയില്‍ (ഡിസി ബുക്‌സ്, കോട്ടയം).
Discussion about this post