തിരുവനന്തപുരം : ഓട്ടന്‍ തുള്ളല്‍ കലാകാരനും, നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍(58)അന്തരിച്ചു. തൃശൂര്‍ അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അയ്യായിരത്തിലധികം വേദികളില്‍ അദ്ദേഹം ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒന്‍പതാംവയസ്സില്‍ തുള്ളലില്‍ അരങ്ങേറിയ ഗീതാനന്ദന്‍ അച്ഛന്‍ കേശവന്‍ നമ്പീശനൊപ്പമാണ് അരങ്ങില്‍ സജീവമായത്.1974 കാലത്താണ് കലാമണ്ഡലത്തില്‍ എത്തിയത്. പിന്നീട് 25 വര്‍ഷത്തോളം കലാമണ്ഡലത്തില്‍ തുള്ളല്‍ അദ്ധ്യാപകനായിരുന്നു.
കഥകളിപ്പദക്കച്ചേരിയെ ഓര്‍മിപ്പിക്കും വിധത്തില്‍ ആദ്യമായി തുള്ളല്‍പ്പദക്കച്ചേരി അവതരിപ്പിച്ചതും ഗീതാനന്ദനാണ്.
വീരശൃംഖലയും തുള്ളല്‍ കലാനിധി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരളസംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
പാരിസില്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ചതിന്റെ അംഗീകാരം ഗീതാനന്ദനാണ്. നീനാപ്രസാദ്, കാവ്യാമാധവന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. കമലദളം, മനസ്സിനക്കരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ ശോഭന ചലച്ചിത്ര നൃത്തസംവിധായികയാണ്. മക്കളായ സനല്‍കുമാര്‍, ശ്രീലക്ഷ്മി എന്നിവരും തുള്ളല്‍ കലാരംഗത്തുണ്ട്.
Discussion about this post