പന്തളം: പന്തളം മുതല്‍ ശബരിമല വരെയുള്ള തിരുവാഭരണ പാതയിലെ 10 ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആധുനിക സൗകര്യങ്ങളോടെ തീര്‍ഥാടക വിശ്രമ കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. തിരുവാഭരണ പാതയില്‍ വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ട ക്ഷേത്രങ്ങളെ സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നതിനായി തിരുവാഭരണ പാത സംരക്ഷണ സമിതിയുടെയും ദേവസ്വം ബോര്‍ഡിന്റെയും ശബരിമല ഉന്നതാധികാര സമിതിയുടെയും നേതൃത്വത്തില്‍ പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ ദീപം തെളിച്ച് തേങ്ങ ഉടച്ച ശേഷമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് , രാജകൊട്ടാരം പ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തിരുവാഭരണ പാത സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്ര ആരംഭിച്ചത്. 83 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവാഭരണ പാതയിലെ ഓരോ എട്ട് കിലോമീറ്ററിലും ഒരു വിശ്രമ സങ്കേതം എന്ന നിലയില്‍ 10 വിശ്രമ സങ്കേതങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സര്‍വെയാണ് യാത്രയുടെ ലക്ഷ്യം.
മണ്ഡല മകരവിളക്ക് ഉത്സവ കാലയളവുകളിലും മാസപൂജാ സമയങ്ങളിലും തിരുവാഭരണപാതയിലൂടെ നടന്ന് ശബരിമലയില്‍ എത്തുന്നതിന് കൂടുതല്‍ പ്രചരണം അന്യസംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നല്‍കി തിരുവാഭരണ പാതയെ കാല്‍നടയായി ശബരിമലയില്‍ എത്തുന്നതിനുള്ള പ്രധാനപാതയാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. തിരുവാഭരണ പാതയെ വിശുദ്ധ പാതയായി നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. തിരുവാഭരണ പാതയെ തീര്‍ഥാടകരുടെ സ്ഥിരം പാതയാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക കാല്‍വയ്പാകും പാതയിലെ ഇടത്താവളങ്ങളുടെ വികസനമെന്നും പ്രസിഡന്റ് പറഞ്ഞു.
കൈപ്പുഴ, കുളനട, പൊന്നുംതോട്ടം, പാമ്പാടിമണ്‍, പേരൂര്‍ച്ചാല്‍, പ്രയാര്‍, പെരുനാട്, ളാഹ തുടങ്ങിയ ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് ഇടത്താവളങ്ങള്‍ സജ്ജീകരിക്കുന്നതിന് ആലോചനയുള്ളത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സംഘം ആദ്യസന്ദര്‍ശനം നടത്തിയത്. കൈപ്പുഴ ക്ഷേത്രത്തിന് പിന്‍വശത്തെ സ്ഥലം വിലയ്ക്ക് വാങ്ങി ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കാമെന്ന് ക്ഷേത്രോപദേശക സമിതി അിറയിച്ചു. ഇത്തരത്തില്‍ സ്ഥലം ലഭിക്കുകയാണെങ്കില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ശുചിമുറികള്‍ ഉള്‍പ്പെടെ സജ്ജീകരിക്കുന്നതിന് ദേവസ്വം ബോര്‍ഡ് ആവശ്യമായ തുക നല്‍കും. വിരി വയ്ക്കുന്നതിനാവശ്യമായ സഥലം കൂടി വിലയ്ക്ക് ലഭിക്കുകയാണെങ്കില്‍ ഇതിനുള്ള തുകയുടെ പകുതിയും കൂടി ദേവസ്വം ബോര്‍ഡ് വഹിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു.
പമ്പയിലെ തിരക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി നിലയ്ക്കലിനെ ബേസ് ക്യാമ്പാക്കി മാറ്റി അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യിച്ച് ബാറ്ററി ഓപ്പറേറ്റഡ് വെഹിക്കിളുകള്‍ ഉപയോഗിച്ച് തീര്‍ഥാടകരെ പമ്പയില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത ദേവസ്വം ബോര്‍ഡ് പരിശോധിക്കും. വനത്തിനും വന്യജീവികള്‍ക്കും ദോഷകരമാകുമെന്നതിനാല്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഭാവയില്‍ പമ്പയിലേക്ക് കടത്തിവിടാതിരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്. വനസംരക്ഷണം മുഖ്യ അജണ്ടയായി ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. നിലയ്ക്കലില്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി സ്ഥലം നല്‍കിയിട്ടുണ്ട്. ഈ സംവിധാനം മാറ്റി കോമണ്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. നിലയ്ക്കലിലെ ഡാമിന്റെ ആഴം കൂട്ടി വിവിധ അരുവികളിലെ ജലം അവിടേക്കെത്തിക്കുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ നിലയ്ക്കലിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശം ഇപ്പോഴുള്ളത് 69.5 ഏക്കര്‍ സ്ഥലമാണ്. മുമ്പ് 100 ഏക്കറിലധികം സ്ഥലം ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കിയിരുന്നു. നഷ്ടപ്പെട്ട സ്ഥലം പുന:സ്ഥാപിക്കുന്നതിനായി വനംവകുപ്പുമായി ചേര്‍ന്ന് സംയുക്ത സര്‍വെ ഉടന്‍ നടത്തും. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് അയ്യപ്പന്റെ പൂങ്കാവനമാണ്. ഇത് സംരക്ഷിക്കുന്നതിനുള്ള നടപടികളാകും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാവുക. കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാപിക്കുക എന്നത് ബോര്‍ഡിന്റ നയമല്ലെന്നും പ്രസിഡന്റ് പറഞ്ഞു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ആര്‍.രവി, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹികളായ കെ.ഹരിദാസ്, വി കെ രാജഗോപാല്‍, പ്രസാദ് കുഴികാല, കൊട്ടാരം നിര്‍വാഹക സമിതിയംഗം ശശികുമാരവര്‍മ, ഉപദേശക സമിതി സെക്രട്ടറി ശരത്, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.സന്തോഷ്, മാലേത്ത് സരളാദേവി തുടങ്ങിയവര്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
Discussion about this post