തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ട്. എന്നാല്‍ പെന്‍ഷന്‍ ഏറ്റെടുക്കില്ല. പെന്‍ഷന്‍കാര്‍ക്ക് പണം മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ പ്രതിമാസം 10 കോടി രൂപയാണ് ഡീസല്‍ വില വര്‍ദ്ധനയെ തുടര്‍ന്നുള്ള അധികബാധ്യത. വരവിനെക്കാള്‍ ചെലവ് വരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കുന്നതിന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനഃസംഘടന നടക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ഇതിനേക്കാളും രൂക്ഷമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ, കെഎസ്ആര്‍ടിസി പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Discussion about this post