തിരുവനന്തപുരം: ആധുനികചികിത്‌സാ സൗകര്യങ്ങളുള്ള ഇക്കാലത്ത് കുഷ്ഠരോഗത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുഷ്ഠരോഗ നിര്‍മാജന പരിപാടികളുടെ ഭാഗമായി ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ആയിരത്തില്‍ 0.2 പേര്‍ക്ക് രോഗമുണ്ടായിരുന്നത് ഇപ്പോള്‍ 0.1 ആക്കി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങളായി ഓരോ സമയപരിധിയിലും കൈവരിക്കേണ്ട കാര്യങ്ങള്‍ക്കായി 13 വിദഗ്ധസംഘങ്ങളായി തിരിഞ്ഞ് ആരോഗ്യവകുപ്പ് പ്രവര്‍ത്തനം നടത്തുകയാണ്. ഈ ലക്ഷ്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്തുന്നത്.
കുഷ്ഠരോഗനിര്‍മാര്‍ജനത്തിനായി കുട്ടികളുടെ ഇടയില്‍ നടത്തിയ സ്‌ക്രീനിംഗില്‍ 44 പേരില്‍ രോഗം കണ്ടെത്തി ചികിത്‌സ നല്‍കാനായി. ഇത്തരം രോഗങ്ങളെ ഒളിച്ചുവെക്കാതെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഏറെ ഭയപ്പെടുകയും കുഷ്ഠ രോഗിയെത്തന്നെ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന അവസ്ഥയായിരുന്നു സമൂഹത്തില്‍ മുമ്പ്. കുഷ്ഠരോഗത്തിന്‍േറതുള്‍പ്പെടെയുള്ള സാനിറ്റോറിയങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സാനിറ്റോറിയത്തിലെ അന്തേവാസികളുടെ അലവന്‍സുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ രോഗം കണ്ടുപിടിക്കാനും തടയാനും ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. രോഗം വന്നാല്‍ ഭയക്കാതെ ചികിത്‌സയ്ക്ക് സംവിധാനമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.
കുഷ്ഠരോഗ ബോധവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘ഒപ്പം ഞങ്ങളുണ്ട്’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും, സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്‌കിറ്റ് മത്‌സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
Discussion about this post