തിരുവനന്തപുരം: ആഴക്കടലില്‍ മത്സ്യബന്ധനത്തിനുപോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാന്‍ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടമായ ജീവിച്ചിരിക്കുന്ന മത്സ്യത്തൊഴിലാളികളെ തൊഴിലിന് സജ്ജരാക്കാനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലുണ്ടാവും. നഷ്ടപ്പെട്ടുപോയ വള്ളങ്ങള്‍ക്കും മത്സ്യബന്ധനോപകരണങ്ങള്‍ക്കും തത്തുല്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത മത്സ്യത്തൊഴിലാളികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും മറ്റു മത്സ്യബന്ധനോപകരണങ്ങളും വാങ്ങാന്‍ മത്സ്യഫെഡ് വായ്പ നല്‍കും. മത്സ്യബന്ധനത്തിനു കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കുകയാണ് ലക്ഷ്യം. കടലില്‍ പോകുന്ന ചെറു ഗ്രൂപ്പുകള്‍ക്കാണ് ഇങ്ങനെ വായ്പ നല്‍കുക. എല്ലാ ദിവസവും പിടിക്കുന്ന മത്സ്യത്തിന്റെ ഒരു നിശ്ചിതഭാഗം വായ്പത്തവണയിനത്തില്‍ മത്സ്യഫെഡ് ഈടാക്കും. മത്സ്യത്തൊഴിലാളികളെ കടക്കെണിയില്‍ നിന്നു രക്ഷിക്കാനാണ് മത്സ്യഫെഡ് ഈ നടപടി സ്വീകരിക്കുന്നത്.
പിടിക്കുന്ന മത്സ്യം ഇടത്തട്ടുകാര്‍ക്കുനല്‍കി വഞ്ചിക്കപ്പെടാതെ മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവും സ്ഥിരവുമായ വരുമാനം ഉറപ്പാക്കും. എല്ലാ ഫിഷ് ലാന്‍ഡിംഗ് സെന്ററിലും കോള്‍ഡ് സ്‌റ്റോറേജ് സംവിധാനമുണ്ടാക്കി കുടുതല്‍ പിടിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കും. തീരദേശവാസികളെ പട്ടിണിയില്‍ നിന്നു കരകയറ്റാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ സഹകരണമുണ്ടെങ്കില്‍ ചൂഷണങ്ങളില്‍പ്പെടാതെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിനു സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രാദേശികമായി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താന്‍ ഇന്നും (06.02) നാളെയും (07.02) വിവിധ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അപേക്ഷ സ്വീകരിക്കും. നാളെ രാവിലെ 10ന് വെട്ടുകാട് ലൈബ്രറി പരിസരത്തും, ഉച്ചയ്ക്ക് രണ്ടിന് പൂന്തുറ ഫീഡസ് ഹാളിലും മറ്റന്നാള്‍ രാവിലെ 10ന് പള്ളം മത്സ്യഭവനിലും ഉച്ചയ്ക്ക് രണ്ടിന് വിഴിഞ്ഞം പാരീഷ് ഹാള്‍ പരിസരത്തുമാണ് ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുക. യോഗത്തില്‍ ഫിഷറീസ് ഡയറക്ടര്‍ വെങ്കടേസപതി, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post