കൊച്ചി: ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് ഉള്‍പ്പെട്ട ദുബായ് സാന്പത്തിക ഇടപാടു കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതും ചര്‍ച്ച ചെയ്യുന്നതും തടഞ്ഞുകൊണ്ടുള്ള കരുനാഗപ്പള്ളി സബ്‌കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സബ്‌കോടതി ഉത്തരവിനെതിരേ ഒരു മാധ്യമ സ്ഥാപനം നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള സബ് കോടതിയുടെ ഫെബ്രുവരി മൂന്നിലെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഭരണഘടനയിലെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണിതെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
ചെക്ക് കേസുമായി ബന്ധപ്പെട്ടു മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണ ചെങ്ങന്നൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മാവേലിക്കര കോടതിയിലും ശ്രീജിത്തിനെതിരേ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ മറുകേസ് എന്ന നിലയില്‍ ശ്രീജിത്ത് ഫെബ്രുവരി ഒന്നിനു കരുനാഗപ്പള്ളി സബ് കോടതിയില്‍ അന്യായം നല്‍കി. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെയും രാഹുല്‍ കൃഷ്ണയെയും എതിര്‍കക്ഷികളാക്കി നല്‍കിയ ഈ അന്യായത്തിന്മേലാണു കോടതി മാധ്യമവിലക്ക് ഉത്തരവിട്ടത്.
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു തടയാന്‍ ഹൈക്കോടതിക്കും സുപ്രീംകോടതിക്കുമാണ് അധികാരമുള്ളതെന്നു ഹൈക്കോടതിയിലെ ഹര്‍ജി യില്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗമടക്കമുള്ളവ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മാധ്യമങ്ങള്‍ കോടതി നടപടികള്‍ ജനങ്ങളെ അറിയിക്കുകയാണു ചെയ്യുന്നതെന്നും വിവാദ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
സ്റ്റേ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈകിട്ട് ശ്രീജിത്തിന്റെ അഭിഭാഷകന്‍ സിംഗിള്‍ബെഞ്ചിനെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. സബ് കോടതിയുടെ ഉത്തരവ് ജുഡീഷറിക്കുമേല്‍ അനാവശ്യവിമര്‍ശനങ്ങള്‍ക്കു കാരണമായെന്നും ഇത്തരം കീഴ്വഴക്കങ്ങള്‍ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
Discussion about this post