തിരുവനന്തപുരം: സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ആക്ഷേപിക്കാനാണു മകന്‍ ബിനോയ് കോടിയേരിക്കെതിരേ സാന്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ ആരോപിച്ചു.
എന്നാല്‍, പിണറായി വിജയന്റെ മറുപടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ളതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. സിപിഎം കേന്ദ്ര നേതൃത്വത്തിനു ലഭിച്ച പരാതിയാണു പുറത്തു വന്നത്. ഇതിനു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കുറ്റപ്പെടുത്തിയാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിപിഎം നേതാക്കളുടെ മക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിയമസഭയില്‍ ഏറെ നേരം ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. ഒടുവില്‍ പ്രതിപക്ഷവും ബിജെപിയും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സിപിഎമ്മിനോ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ബിനോയ് കോടിയേരിയുടെ സാന്പത്തിക ഇടപാടുമായി ബന്ധമില്ല. ബിനോയി ഏറെ നാളായി ദുബായിയില്‍ ചില ബിസിനസുകള്‍ നടത്തി വരികയാണ്. ബിസിനസുകാര്‍ തമ്മിലുള്ള സാന്പത്തിക ഇടപാടുകളില്‍ ചിലപ്പോള്‍ തര്‍ക്കമുണ്ടാകാം. അപ്പോള്‍ കേസും വരാം. അത് അവരവര്‍ തന്നെ കൈകാര്യംചെയ്തു തീര്‍ക്കുകയാണു പതിവ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. കേരളത്തില്‍ നടന്ന കാര്യവുമല്ല: മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post