തിരുവനന്തപുരം: പൊതുകാര്യങ്ങള്‍ക്കായി യുവജനങ്ങളുടെയും സാധാരണ പൗരന്‍മാരുടെയും സേവനം ഉപയോഗമാക്കി തിരുവനന്തപുരത്തിന്റെ സംരക്ഷണത്തിനായി ബൃഹത്തായ സന്നദ്ധസേവാ പദ്ധതി ആരംഭിക്കുന്നു. തുടര്‍ച്ചയായ പരിശീലനത്തിലൂടെയും, ബോധവത്കരണത്തിലൂടെയും മാലിന്യ നിര്‍മാര്‍ജനവും പൊതുജനാരോഗ്യ പ്രവര്‍ത്തനവും സന്നദ്ധരായ ചെറുപ്പക്കാരിലെത്തിച്ച് ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ഒരു പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ശില്‍പശാലയും സന്നദ്ധ സേവാ സംഘം രൂപീകരണവും നടന്നു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ജില്ലാ ഭരണകൂടം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. അംഗങ്ങളാകാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്.
മഴവെള്ള സംഭരണം, ഉത്തരവാദിത്ത മാലിന്യ നിര്‍മാര്‍ജനം, പാരമ്പര്യേതര ഊര്‍ജ സംരക്ഷണം, മലിനജല നിര്‍മാണം, ജൈവകൃഷി എന്നിവയാകും സന്നദ്ധസേനയുടെ പ്രധാന പ്രവര്‍ത്തനമേഖലകള്‍. കൂടാതെ ജില്ലയിലെ പൊതുവായ സമാധാനം, ഓരോരുത്തരുടേയും പൗരധര്‍മം നിറവേറ്റാനുള്ള അവസരം എന്നിവയുമൊരുക്കും. ഹരിതകേരളം, ജാഗ്രത തുടങ്ങിയ പദ്ധതികള്‍ക്ക് ഈ സന്നദ്ധസേവന പദ്ധതി പിന്തുണയാകും.
ശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി തിരഞ്ഞെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ അവര്‍ക്ക് ചുമതല നല്‍കിയ സ്ഥലങ്ങള്‍ ശുചീകരിച്ച് ചുമരുകളും മറ്റും പെയിന്റുചെയ്തും പൂന്തോട്ടങ്ങള്‍ നിര്‍മിച്ച് മനോഹരമാക്കി പരിപാലിക്കും. ഇതിന് ചെലവ് വഹിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് അവരുടെ ലോഗോ പെയിന്റിംഗ് ചെയ്ത സ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കും. അവര്‍ ഇതിനുള്ള തുടര്‍പരിപാലന ഉത്തരവാദിത്തവും ചെലവും വഹിക്കും. ആദ്യത്തെ അഞ്ച് മാസം നഗരപരിധിയിലെ അഞ്ച് പ്രധാന കേന്ദ്രങ്ങള്‍ ഏറ്റെടുക്കും.
മാലിന്യനിക്ഷേപ നിരീക്ഷണത്തിനായി പോലീസ് ഉദ്യോഗസ്ഥരുടെയും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടേയും ഒരു പരിശോധനാസംഘം രൂപീകരിക്കും. സന്നദ്ധപ്രവര്‍ത്തകര്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് അതത് സമയങ്ങളില്‍ നല്‍കും. കേരള പോലീസില്‍ നിന്നുള്ള ഒരു ഡിവൈ.എസ്.പി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഏകോപിക്കും.
സന്നദ്ധപ്രവര്‍ത്തകര്‍ നേരിട്ടെത്തി മാലിന്യനിക്ഷേപത്തിനെതിരെ ബോധവത്കരിക്കുകയും പ്രദേശത്ത് വ്യാപക പ്രചാരണം നടത്തുകയും ചെയ്യും.സ്‌കൂളുകള്‍, വീടുകള്‍ തുടങ്ങിയിടങ്ങളില്‍ ഹരിതച്ചട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ അതത് പ്രദേശത്ത് സ്‌കൂളുകളും ജനവാസകേന്ദ്രങ്ങളും സന്ദര്‍ശിച്ച് ബോധവത്കരണം നടത്തും. ഈ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി പ്രവര്‍ത്തകര്‍ക്ക് ചോദ്യാവലി നല്‍കി വിവരം ശേഖരിക്കുകയും പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്യും.
പദ്ധതികള്‍ മുഴുവന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍, എന്നിവരുടേയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഏകോപിപ്പിക്കും. പ്രകൃതിക്ഷോഭങ്ങളും, കാലാവസ്ഥാ വ്യതിയാനവുമൊക്കെ വര്‍ധിക്കുന്ന കാലഘട്ടത്തില്‍ നാടിനെ വാസയോഗ്യമായി നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന സംഭാവനകള്‍ നല്‍കാനാണ് ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയും സംബന്ധിച്ചു.
Discussion about this post