തിരുവനന്തപുരം: വികലാംഗക്ഷേമ കോര്‍പറേഷന്റെ ‘ശുഭയാത്ര’ പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ 1000 പേര്‍ക്ക് ഈവര്‍ഷംതന്നെ മുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് പാറശാലയില്‍ ആരംഭിക്കും. ഇത്തരം ഉപകരണങ്ങള്‍ വില്‍ക്കുന്നതിന് തിരുവനന്തപുരത്ത് ഷോറൂം ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോര്‍പറേഷന്റെ തനത് ഫണ്ടിന് പുറമേ തദ്ദേശ സ്ഥാപനങ്ങള്‍, പട്ടിക സമുദായ വികസന വകുപ്പ്, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടെ ഫണ്ടില്‍നിന്നും ലഭിച്ച തുകയടക്കമുള്ള 5.26 കോടി രൂപ ചെലവഴിച്ചാണ് 1000 മുചക്ര സ്‌കൂട്ടറുകള്‍ വാങ്ങുന്നത്. ഇതില്‍ 846 സ്‌കൂട്ടറുകള്‍ക്ക് സപ്ലൈ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട്, ബിവറേജസ് കോര്‍പറേഷന്‍ നല്‍കിയ ഒരു കോടിരൂപ എന്നിവകൂടി ഉപയോഗിച്ച് മാര്‍ച്ച് 31ന് മുമ്പുതന്നെ മുഴുവന്‍ സ്‌കൂട്ടറുകളും വിതരണം ചെയ്യും.
ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്ത് ആകെയുള്ളത് പാറ്റൂരിലെ യൂണിറ്റാണ്. ഇതിനെയാണ് പാറശാലയില്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ആധുനികരീതിയിലുള്ള യൂണിറ്റായി വികസിപ്പിക്കുകയും ചെയ്യുന്നത്. മാനുഫാക്ച്വറിങ് റിപ്പയറിങ് സര്‍വീസിങ് ആന്‍ഡ് ട്രെയിനിങ് യൂണിറ്റി (എം.ആര്‍.എസ്ടി) നായി സര്‍ക്കാര്‍ 2.70 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള യന്ത്രങ്ങളും മറ്റും വാങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരുന്നതായും മന്ത്രി അറിയിച്ചു.
ഈ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുംമുമ്പുതന്നെ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോറൂമും വികലാംഗ വികസന കോര്‍പഷേന്‍ ആരംഭിക്കുകയാണ്. കോര്‍പഷേന്റെ റീജിയണല്‍ ഓഫീസുകളോട് അനുബന്ധിച്ചാണ് ഷോറൂം തുറക്കുന്നത്. തിരുവനന്തപുരത്ത് ആദ്യ ഓഫീസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. താമസിയാതെ എല്ലാ ജില്ലകളിലും ഇതുപോലുള്ള ഷോറൂമുകള്‍ തുറക്കാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.
നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ സഹായ ഉപകരണങ്ങള്‍ വിതരണംചെയ്യാനായി അഞ്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കും. 1.25 കോടിയുടെ ഉപകരണങ്ങളാണ് ഈ ക്യാമ്പുകളിലൂടെ വിതരണം ചെയ്യുന്നത്. മാര്‍ച്ച് മൂന്നിന് മലപ്പുറം തവനൂരില്‍ ആദ്യക്യാമ്പ് നടക്കും. മാര്‍ച്ച് 10 ന് കോഴിക്കോട് പേരാമ്പ്രയിലും 17 ന് പത്തനംതിട്ട തിരുവല്ലയിലും 24ന് ആലപ്പുഴ ആര്യാടിലും തുടര്‍ന്നുള്ള ക്യാമ്പുകള്‍ നടക്കും. മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ അളവെടുത്ത് നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ ഒരു മാസത്തിനകവും വിതരണം ചെയ്യും. ഓരോ മണ്ഡലത്തിലും 20 മുതല്‍ 30 ലക്ഷം രൂപയുടെ വരെ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.
നാഷണല്‍ ഹാന്‍ഡികാപ്ഡ് ഫിനാന്‍സ് ആന്‍ഡ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (എന്‍.എച്ച്.എഫ്.ഡി.സി) വായ്പ എടുത്തശേഷം മരണമടഞ്ഞവരുടെ വായ്പ പൂര്‍ണമായി എഴുതിത്തള്ളാനും അല്ലാത്തവരുടെ കുടിശിക പിഴപലിശ പൂര്‍ണമായി ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കുകയും ചെയ്യും. 28 പേരുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. 250 ഓളം പേര്‍ക്കാണ് പിഴപലിശ ഒഴിവായിക്കിട്ടുന്നത്. എന്‍.എച്ച്.എഫ്.ഡി.സിയില്‍നിന്ന് 2000 മുതല്‍ 2016 വരെ ആകെ 26.46 കോടിരൂപയുടെ വായ്പ മാത്രമാണ് കേരളത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്നേമുക്കാല്‍ വര്‍ഷത്തിനിടെ 9.68 കോടിരൂപയുടെ വായ്പ ഭിന്നശേഷിക്കാര്‍ക്കായി ലഭ്യമാക്കാനായതായും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാരായകുട്ടികള്‍ക്കുള്ള സ്ഥിരനിക്ഷേപ പദ്ധതി വിപുലീകരിക്കും. നിലവില്‍ 10 വയസുവരെയുള്ള കുട്ടികള്‍ക്കായാണ് ഈ പദ്ധതി. ഇത് 12 വയസുവരെയാക്കി മാറ്റും. എല്ലാ വിഭാഗം കുട്ടികള്‍ക്കും 20,000 രൂപവീതം സ്ഥിരനിക്ഷേപം നല്‍കും. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് 15,000 രൂപയാണ് നല്‍കുന്നത്.
കാഴ്ചപരിമിതിയുള്ളവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും സ്വയം പര്യാപ്തതയും ഉറപ്പുവരുത്താനായി സ്മാര്‍ട്ട് ഫോണ്‍ ടാബ്‌ലെറ്റ് നല്‍കും. ഇതിനായി 1.5 കോടിരൂപ അനുവദിച്ചിട്ടുണ്ട്. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡുമായി സഹകരിച്ച് 1000 വിദ്യാര്‍ത്ഥികള്‍ക്ക് 40 ലക്ഷം രൂപയുടെ ലാപ്‌ടോപ് മാര്‍ച്ച് 10നകം വിതരണം ചെയ്യും.
ഭിന്നശേഷിക്കാരായ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സഹകരണമേഖലകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് വാഹന/ഉപകരണം വാങ്ങാന്‍ അഞ്ച് ലക്ഷംരൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിച്ച് നല്‍കുന്ന വായ്പയ്ക്ക് പലിശ ആറ് ശതമാനം മാത്രമാണ്. ഭിന്നശേഷിക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലികളും ഭിന്നശേഷി നൈപുണ്യ ലഭ്യതയുടെയും വിപുലമായ ഡാറ്റാബേസ് തയ്യാറാക്കി, അവര്‍ക്കായി ജില്ലകള്‍തോറും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും. ഭിന്നശേഷിക്കാര്‍ക്ക് സ്ഥിരമായി തൊഴിലവസരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായകമായ പ്രത്യേക വെബ്‌സൈറ്റുകള്‍ രൂപകല്‍പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കൊറ്റാമത്ത് പ്രവര്‍ത്തിക്കുന്ന സാഫല്യം ഭിന്നശേഷി പരിചരണകേന്ദ്രത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. അവര്‍ക്കുള്ള സഹായം ആറ് ലക്ഷം രൂപയില്‍നിന്നും 10 ലക്ഷം രൂപയായി ഉയര്‍ത്തി. 25 അന്തേവാസികളാണ് ഇവിടുള്ളത്. 50 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കും.
വികലാംഗക്ഷേമ കോര്‍പറേഷന്റെ ഓഫീസുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. ഇതിന്റെ ഭാഗമായി പാലക്കാട്, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ഈ സാമ്പത്തിക വര്‍ഷംതന്നെ ഓഫീസ് തുടങ്ങും. നിലവില്‍ മൂന്ന് മേഖലാ കേന്ദ്രങ്ങളില്‍ മാത്രമാണ് വികലാംഗക്ഷേമ കോര്‍പറേഷന് ഓഫീസുള്ളത്. കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ഒമ്പതാം ശമ്പള പരിഷ്‌കരണം നടപ്പാക്കിക്കഴിഞ്ഞു. കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനവിഹിതത്തിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 3.75 കോടി രൂപയായിരുന്നു സര്‍ക്കാര്‍ സഹായം. നടപ്പ് സാമ്പത്തിക വര്‍ഷം അത് ഒന്‍പത് കോടിയാണ്. അടുത്തസാമ്പത്തികവര്‍ഷം 12 കോടിരൂപയാണ് കോര്‍പറേഷനായി വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
Discussion about this post