ഗുരുവായൂര്‍/ശബരിമല: സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും പടക്കങ്ങങ്ങളും പൂത്തിരികളും കൈനീട്ടവുമായി മലയാളി സമൂഹം വിഷുവിനെ വരവേറ്റു. വിഷുക്കണി ദര്‍ശനത്തിനായി കേരളത്തിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനത്തിന് ആയിരങ്ങളെത്തി. പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയായിരുന്നു വിഷുക്കണി ദര്‍ശനം. മേല്‍ശാന്തി വടക്കേടത്ത് ഗിരീശന്‍ നമ്പൂതിരി ശ്രീലകത്തെത്തി നാളികേരമുറിയില്‍ നെയ് നിറച്ച് തിരി തെളിയിച്ച് ആദ്യം ഗുരുവായൂരപ്പനെ കണി കാണിച്ചു. തുടര്‍ന്ന് ഭക്തര്‍ക്ക് ഗുരുവായൂരപ്പവിഗ്രഹവും കണിക്കോപ്പുകളും ചേര്‍ന്ന് വിഷുക്കണി ദര്‍ശനം നല്‍കി. രാവിലത്തെ പ്രധാന ചടങ്ങുകള്‍ക്ക് ശേഷം വൈകീട്ട് വിഷുവിളക്കും കാഴ്ച് ശീവേലിയും തായമ്പകയും ഉണ്ടാകും.
ശബരിമലയിലും വന്‍ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലുമണി മുതല്‍ ഏഴ് മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എഴിക്കോട് ശശി നമ്പൂതിരിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. വിഷുക്കണി കാണാന്‍ പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ പതിനെട്ടാം പടിക്കുതാഴെയും വലിയ നടപ്പന്തലിലുമായി വിരിവച്ച് ദര്‍ശനത്തിനായി കാത്തുനിന്നു. വ്യാഴാഴ്ച നട അടച്ചിട്ടും ഭക്തജനപ്രവാഹമായിരുന്നു. ശ്രീകോവിലില്‍ ഓട്ടുരുളിയില്‍ വിഷുക്കണി ഒരുക്കിയാണ് വ്യാഴാഴ്ച രാത്രി നടയടച്ചത്. ചക്ക, നാണയം, വെള്ളരി, മാങ്ങ, നാളികേരം, പഴവര്‍ഗങ്ങള്‍, കൊന്നപ്പൂവ്, അഷ്ടമംഗല്യം എന്നിവ വിഷുക്കണിദര്‍ശനത്തിനായി തയ്യാറാക്കി. നടതുറന്നശേഷം ആദ്യം അയ്യപ്പനെ കണികാണിച്ചു. പിന്നീട് അയ്യപ്പഭക്തന്മാര്‍ക്ക് കണികണ്ട് തൊഴുത് സായൂജ്യമടഞ്ഞു. മേടമാസ വിഷുവുത്സവ പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.
Discussion about this post