* സഹകരണ ബാങ്കുകള്‍ വഴി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി നേരിടുമ്പോള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയായി ഏറ്റെടുക്കുന്നതിന്റെ ഉദാഹരണമാണ് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ കൈക്കൊണ്ട നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണം പൂര്‍ത്തിയാകുമ്പോള്‍ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി നല്‍കുന്നതിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ ആലോചിച്ചതിന്റെ ഭാഗമായാണ് സുശീല്‍ ഖന്ന കമ്മിറ്റിയെ പഠനത്തിന് നിയോഗിച്ചത്. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കെ.എസ്.ആര്‍.ടി.സിയെ മാതൃകാ സ്ഥാപനമായി മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് മനസിലാകുന്നത്. സ്ഥാപനത്തിന്റെ നല്ല ഭാവിക്കായി ഇതിനുള്ള പരിഷ്‌കരണ നടപടികളുമായി സഹകരിക്കാന്‍ ജീവനക്കാരും തയാറായി. നടപടികള്‍ പൂര്‍ത്തിയായി വരുന്നതുവരെ പെന്‍ഷന്‍ വൈകുന്നത് പെന്‍ഷന്‍കാരെ വിഷമത്തിലാക്കുന്നതായി സര്‍ക്കാര്‍ മനസിലാക്കിയതിനാലാണ് കുടിശ്ശിക വിതരണത്തിന് മറ്റൊരുവഴി കണ്ടെത്തിയത്.
കെ.എസ്.ആര്‍.ടി.സിയുടെ തിരിച്ചുവരവിലെ ചരിത്രപരമായ നടപടിയാണ് സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ നല്‍കിയ ഉറപ്പിനേക്കാളും നേരത്തെ വിതരണത്തിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ വിതരണത്തിന് മുഖ്യമന്ത്രി നിര്‍ദേശിച്ച അന്നുതന്നെ പദ്ധതി സഹകരണ വകുപ്പ് തയാറാക്കി നല്‍കിയതായും ജനങ്ങളുടെ സ്വത്തായ കെ.എസ്.ആര്‍.ടി.സി പുനഃസംഘടനയിലൂടെ പ്രതിസന്ധികള്‍ അതിജീവിക്കുമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post