* ടൂറിസം സ്‌റ്റേക്ക്‌ഹോള്‍ഡേഴ്‌സിനുള്ള ബോധവത്കരണ പരിപാടിക്ക് തുടക്കമായി
തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാക്കാന്‍ സാധിക്കണമെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സ്‌റ്റേക്ക്‌ഹോള്‍ഡേഴ്‌സിനുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടുകാര്‍ക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സൗകര്യങ്ങളൊരുക്കി പാവപ്പെട്ടവര്‍ക്ക് ജീവനോപാധി കൂടിയാകുന്നരീതിയില്‍ മാറണം. കുടുംബമായി എത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. വിദേശസഞ്ചാരികള്‍ക്കൊപ്പം തദ്ദേശ ടൂറിസവും പ്രോത്‌സാഹിപ്പിക്കണം. ഉത്തരവാദിത്ത ടൂറിസം വളര്‍ത്താനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
ഓട്ടോ, ടാക്‌സി, ഹൗസ്‌ബോട്ട് ജീവനക്കാര്‍ വിനോദസഞ്ചാരികളോട് നല്ലരീതിയില്‍ പെരുമാറിയാല്‍ തന്നെ നല്ല മാറ്റമുണ്ടാക്കാനാകും. എങ്ങനെ നല്ല രീതിയില്‍ ഇത്തരത്തില്‍ വിനോദസഞ്ചാരികളുമായി ഇടപെടാമെന്ന അവബോധവും പരിശീലനവുമാണ് നല്‍കുന്നത്. ഈ പഠനക്കളരിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്റും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
കിറ്റ്‌സിന്റെ വിവിധ കോഴ്‌സുകളിലൂടെ മികച്ച ജോലി ലഭിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.
ടൂറിസം ഫെഡറേഷന്‍ ചെയര്‍മാന്‍ സി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഹൗസ് ബോട്ട് അസോസിയേഷന്‍ പ്രസിഡന്റ് ജോസ്‌കുട്ടി ജോസഫ്, ഹോംസ്‌റ്റേ ആന്റ് ടൂറിസം അസോസിയേഷന്‍ പ്രസിഡന്റ് ഡി. സോമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത് സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. ബി. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
കേന്ദ്ര ടൂറിസം മന്ത്രാലയവും കിറ്റ്‌സും സംയുക്തമായി ‘വൈദഗ്ധ്യത്തില്‍ നിന്ന് തൊഴിലിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിവിധ സ്‌റ്റേക്ക്‌ഹോള്‍ഡര്‍മാര്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഈ മാസം ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ ഓട്ടോ/ടാക്‌സി ഡ്രൈവര്‍മാര്‍, വഴിയോരക്കച്ചവടക്കാര്‍, ഹോം സ്‌റ്റേ ഓപ്പറേറ്റര്‍മാര്‍, ഹൗസ്‌ബോട്ട് തൊഴിലാളികള്‍, തദ്ദേശവാസികള്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആദ്യം 3375 പേര്‍ക്കാണ് പരിശീലനം.
Discussion about this post