* വേള്‍ഡ് ഫോട്ടോഗ്രാഫര്‍ പ്രൈസ് നിക് ഉട്ടിന് സമ്മാനിച്ചു
തിരുവനന്തപുരം: സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപിടിക്കുന്ന നിക്ക് ഉട്ടിന്റെ ചിത്രങ്ങള്‍ ജീവിതം തുളുമ്പി നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര വാര്‍ത്ത ചിത്ര മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ടിന് സമ്മാനിച്ചു.
ഒറ്റ ക്ലിക്കില്‍ നിക്ക് ഉട്ട് സാമ്രാജ്യത്വത്തിന്റെ ക്രൂരതകള്‍ ലോകത്തിന് മുന്നില്‍ പകര്‍ന്നു നല്‍കി. ആയിരം വാക്കുകളെക്കാള്‍ ശക്തമായി ആശയം ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിന് ഒരു ഫോട്ടോയ്ക്ക് സാധിക്കും. ഒരു സെല്‍ഫി പോലും തീവ്രമായി പ്രതികരണം ഉയര്‍ത്തുമെന്ന് അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. എല്ലാവരെയും വേദനിപ്പിച്ച ആ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതും ചിത്രങ്ങളാണ്. നാട്ടിലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് സാധിക്കും. ഓരോ സ്‌നാപ്‌സും മനസ്സില്‍ പതിയുന്നതാകണമെന്ന് ഫോട്ടോഗ്രാഫര്‍ക്ക് നിര്‍ബന്ധമുണ്ടാകണം. സാങ്കേതിക ജ്ഞാനവും അതീവ സൂക്ഷ്മതയും വിഷയം കണ്ടെത്താനുള്ള ജാഗ്രതയും ഒഴിച്ചുകൂടാനാവാത്തതാണ്. ഇങ്ങനെയാണ് മഹത്തായ ചിത്രങ്ങള്‍ ഉണ്ടാകുന്നത്. ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ നിരവധി ചിത്രങ്ങളുണ്ട്. വിയറ്റ്‌നാം യുദ്ധത്തില്‍ ബോംബാക്രമണത്തില്‍ പരുക്കേറ്റ് ചുട്ടുപൊള്ളിയ ശരീരവുമായി ഓടുന്ന കുട്ടിയുടെ ചിത്രം ലോകത്തിന്റെ ഉള്ളു പൊള്ളിച്ചു. ലോക പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് നിക്ക് ഉട്ടിന് സമ്മാനിച്ചതിലൂടെ കേരള മീഡിയ അക്കാദമി സ്വയം ആദരിക്കപ്പെടുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫോട്ടോഗ്രാഫിയുടെ ദുരുപയോഗം അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്നുണ്ട്. വിഷലിപ്തമായ രാഷ്ട്രീയ പ്രചരണത്തിന് ഫോട്ടോഗ്രാഫിയെ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ അടിക്കുറിപ്പുകളിലൂടെ വസ്തുതകളെ തെറ്റായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലിഫോര്‍ണിയ യാത്രയില്‍ പകര്‍ത്തിയ അപൂര്‍വചിത്രങ്ങളുടെ ആല്‍ബം മുഖ്യമന്ത്രി പിണറായി വിജയന് നിക്ക് ഉട്ട് സമ്മാനിച്ചു. വിയറ്റ്‌നാം യുദ്ധത്തില്‍ നാപാം ബോംബാക്രമണത്തില്‍ പരുക്കേറ്റ കുട്ടികളുടെ ചിത്രമെടുക്കുകയും പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്ത അനുഭവങ്ങള്‍ നിക് ഉട്ട് മറുപടി പ്രസംഗത്തില്‍ പങ്കുവച്ചു. ലോസ് ഏഞ്ചല്‍സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ, വിഖ്യാത ഗസല്‍ ഗായകന്‍ അനൂപ് ജലോട്ട, അന്തര്‍ദേശീയ പ്രശസ്തരായ വനിത ഫോട്ടോ ജേര്‍ണലിസ്റ്റ് സിപ്രദാസ്, സരസ്വതി ചക്രബര്‍ത്തി, എ.എഫ്.പി. ഫോട്ടോഗ്രാഫര്‍ ആര്‍. രവീന്ദ്രന്‍ എന്നിവരെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രഭാവര്‍മ്മയെയും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ സജീവ് പാഴൂരിനെയും നിക്ക് ഉട്ട് പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. റൗള്‍ റോ ഉപഹാരവും സിപ്രദാസ് പുസ്തകവും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
Discussion about this post