തിരുവനന്തപുരം: ലോക പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റും വിയറ്റ്നാം യുദ്ധഭീകരത ലോകത്തിന് മുന്നില്‍ വാര്‍ത്താ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച പുലിറ്റ്സര്‍ പ്രൈസ് ജേതാവുമായ നിക്ക് ഉട്ടിനെ കേരള നിയമസഭ വെളളിയാഴ്ച പ്രത്യേക പരാമര്‍ശത്തിലൂടെ ആദരിച്ചു. രാവിലെ 9.30 ന് നിയമസഭയുടെ അതിഥി ഹാളില്‍ എത്തിയ നിക്ക് ഉട്ടിനെയും ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയിനെയും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭയില്‍ പരാമര്‍ശിക്കുകയും ആദരം അറിയിക്കുകയും ചെയ്തു. തൊഴുതു നിന്ന നിക്ക് ഉട്ടിനെ നിയമസഭാംഗങ്ങള്‍ കൈയടിച്ച് ആദരിച്ചു. മീഡിയ അക്കാദമിയുടെ ചെയര്‍മാന്‍ ആര്‍ എസ് ബാബുവും റൗള്‍ റോയും കൂടെയുണ്ടായിരുന്നു. കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫ് പ്രൈസ് മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുന്നതിനാണ് നിക്ക് ഉട്ട് തിരുവനന്തപുരത്ത് എത്തിയത്.
Discussion about this post