തേനി: ബോഡിമെട്ട് കൊളുക്കുമലയ്ക്ക് സമിപം കൊരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട വിനോദ സഞ്ചാരികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. സഞ്ചാരികളില്‍ കോട്ടയം സ്വദേശിനിയായ ഒരു മലയാളി വനിതയും ഉള്‍പ്പട്ടതായാണ് വിവരം. സംഭവത്തില്‍ എട്ടു പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് പുരുഷന്മാരും, അഞ്ച് സ്ത്രീകളുമടക്കം എട്ടുപേര്‍ മരിച്ചതായാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബോഡീമെട്ട് കൊരങ്ങണിയ്ക്ക് മുകള്‍ ഭാഗത്തുള്ള മലയില്‍ തീ ആളിപ്പടര്‍ന്നത്. ട്രക്കിംഗിന് ശേഷം തിരികെ ഇറങ്ങുന്നതിനിടയിലാണ് വിനോദ സഞ്ചാര സംഘം കാട്ടുതീയില്‍ അകപ്പെടുന്നത്. 37 പേരുടെ സംഘത്തില്‍ 26 സ്ത്രീകളും, എട്ട് പുരുഷന്മാരും, മൂന്ന് കുട്ടികളും ഉണ്ടെന്നതാണ് കണക്ക്. ഇതില്‍ പതിനാറോളം പേരെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെത്തിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം തന്നെ സാരമായി പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് ഹെലികോപ്ടര്‍ അടക്കം സ്ഥലത്തെത്തിയെങ്കിലും തീ ആളിപ്പടരുന്നതിനാലും കുത്തനെയുള്ള മലഞ്ചെരുവില്‍ രക്ഷാ പ്രവര്‍ത്തനം സാധ്യമല്ലാത്തതിനാലും തിരികെ പോയി. തുടര്‍ന്ന് രാത്രി രണ്ടുമണിയോടെ ഡോക്ടര്‍മാര്‍ അടക്കമുള്ള എയര്‍ഫോഴ്സ് കമാന്റോകള്‍ സ്ഥലത്തെത്തി കാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
എന്നാല്‍ തീ പടര്‍ന്നത് എങ്ങനെയെന്ന് അറിവായിട്ടില്ല. കാടിന് വെളിയില്‍ എത്തിച്ചവരെ കൊരങ്ങണി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കിയതിന് ശേഷം ബോഡി ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് തമിഴ്നാട് ഉപ മുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വം, റവന്യു-വനം വകുപ്പ് മന്ത്രിമാര്‍, തേനി ജില്ലാ കളക്ടര്‍, എസ്പി മറ്റ് ഉന്നത പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയും സിഐയും അടങ്ങുന്ന കേരള പൊലീസ് സംഘവും സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.












