തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രാപ്യമായതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗതസംവിധാനം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഗരഗതാഗതം നവചിന്തകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗരത്തിലെ ഗതാഗതസംവിധാനം പരിഷ്‌കരിക്കുമ്പോള്‍ ജനസംഖ്യയിലെ വര്‍ധനവ്, വിനോദസഞ്ചാരികളുടെ ഒഴുക്ക്, രോഗികളുടെ യാത്രാസൗകര്യം തുടങ്ങിയവ പരിഗണിക്കണം. ഇതെല്ലാം കണക്കിലെടുത്ത് കാല്‍നടക്കാര്‍ക്കും പൊതുഗതാഗതത്തിനും പ്രാധാന്യം നല്‍കുന്ന പ്രത്യേക റോഡ് ഡിസൈന്‍ മാനദണ്ഡങ്ങളാണ് കേരളം പരിഗണിക്കുന്നത്.
അതേസമയം, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ ഒരിക്കലും പ്രകൃതിക്ക് ദോഷമാകുന്ന വിധമാകരുത്. കേരളത്തിലുള്ള നീളം കൂടിയ തീരവും നിരവധി ജലാശയങ്ങളും ജലഗതാഗത സാധ്യതകളും തുറന്നിടുന്നുണ്ട്. ദേശീയ ജലപാതയുടെ വികസനവും, കൊച്ചി വാട്ടര്‍ മെട്രോയുമൊക്കെ ഇത്തരം സൗകര്യം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ്. റോഡുകളിലെ തിരക്ക് കുറയ്ക്കാനും മാലിന്യരഹിതവും അപകടസാധ്യത കുറഞ്ഞതുമായ ഗതാഗതമൊരുക്കാനും ഇത് സഹായിക്കും.
ദേശീയപാതകളും അന്താരാഷ്ട്ര നിലവാരമാക്കി യാത്രാസൗകര്യം കൂട്ടാനും ചരക്കുഗതാഗതം സുഗമമാക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍, പൊതുനിര്‍മാണങ്ങളില്‍ യാതൊരുവിധം അഴിമതിയും സര്‍ക്കാര്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുന്നുണ്ട്.
നഗരഗതാഗതസൗകര്യം വര്‍ധിപ്പിക്കാന്‍ പൊതുഗതാഗതസംവിധാനം കാര്യക്ഷമമാക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിലെ നവീകരിക്കാനും പുനഃസംഘടിപ്പിക്കാനും നടപടി കൈക്കൊള്ളുന്നത്. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പ്രൊഫഷണല്‍ പരിശീലനവും സമയാസമയമുള്ള വാഹന അറ്റകുറ്റപണികളും ഇതിനായി നടപ്പാക്കും. അടിസ്ഥാന ഗതാഗത സൗകര്യവികസനത്തിനുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ഇതിന്റെ ഉദാഹരണങ്ങളാണ് കണ്ണൂര്‍ വിമാനത്താവളവും, കൊച്ചി മെട്രോ, ലൈറ്റ് മെട്രോ, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങിയ പദ്ധതികളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഒ.പി. അഗര്‍വാള്‍, ഇന്‍ഡ്യ ഡയറക്ടര്‍ മാധവ് പൈ തുടങ്ങഇയവര്‍ സംബന്ധിച്ചു. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ നന്ദി പറഞ്ഞു. ഗതാഗതവകുപ്പും വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിച്ചത്.
Discussion about this post