ന്യൂഡല്‍ഹി: അഴിമതിക്കെതിരായ ലോക്പാല്‍ ബില്‍ വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ പാസ്സാക്കുമെന്ന് സമിതി അംഗം കൂടിയായ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. സമിതി യോഗത്തിന് ശേഷം അഭിഭാഷകനായ പ്രശാന്ത് ഭൂഷണോടൊപ്പമാണ് കപില്‍ സിബല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സമിതി യോഗങ്ങളുടെ തീരുമാനം അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കുമെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഭേദഗതി ബില്ലിന്റെ കരട് തയ്യാറാക്കുകയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ബില്‍ തയ്യാറാക്കാനുള്ള സമിതിയുടെ ആദ്യ യോഗത്തിന് ശേഷം ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. മെയ് മാസം രണ്ടിന് സമിതി വീണ്ടും യോഗം ചേരും. യോഗത്തിന്റെ നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും യോഗത്തില്‍ ധാരണയായി. ശബ്ദരൂപവും ടേപ്പില്‍ റെക്കോര്‍ഡ് ചെയ്യും.
നിലവിലെ കരടിലുള്ള തീരുമാനങ്ങളും പുതിയ അംഗങ്ങളുടെ നിര്‍ദേശങ്ങളും ക്രോഡീകരിച്ച് പുതിയ കരടില്‍ കൂട്ടിച്ചേര്‍ക്കും. അതേസമയം പ്രധാനമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തിന് മുന്നോടിയായി സമിതിയിലെ അംഗങ്ങള്‍ സ്വത്ത് വിവരം കഴിഞ്ഞദിവസം പരസ്യപ്പെടുത്തുകയും ചെയ്തു. അതിനിടെ സമിതിയംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷനെതിരെ കോഴ ആരോപണം പുറത്തുവന്നത് വിവാദമായിട്ടുണ്ട്. എന്നാല്‍ ആരോപണം സംബന്ധിച്ച ഫോണ്‍ സംഭാഷണം അടങ്ങിയ സിഡി വ്യാജമാണെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ശാന്തിഭൂഷന്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പരാതിയും നല്‍കിയിട്ടുണ്ട്. അന്നാ ഹസാരെയ്ക്ക് പുറമേ മന്ത്രിമാരായ പി. ചിദംബരം, കപില്‍ സിബല്‍, വീരപ്പ മൊയ്‌ലി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും അരവിന്ദ് കജ്രിവാള്‍, സന്തോഷ് ഹെജ്‌ഡെ, ശാന്തിഭൂഷന്‍, പ്രശാന്ത് ഭൂഷന്‍ തുടങ്ങിയ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post