തിരുവനന്തപുരം: എ.പി.എല്‍, ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി വിതരണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റൊ അറിയിച്ചു. തിങ്കളാഴ്ച അരിവിതരണ പദ്ധതി പുനരാരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരിലാണ് രണ്ടുരൂപ അരി വിതരണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്ന പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവെച്ചത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മീഷന്‍ സുപ്രീംകോടതിയില്‍ എതിര്‍ ഹര്‍ജി നല്‍കി. സുപ്രീംകോടതി പദ്ധതി തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ കമ്മീഷന്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു. അരിവിതരണ പദ്ധതി തിങ്കളാഴ്ച പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി സി.ദിവാകരന്‍ അറിയിച്ചു.
നാല്‍പത് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് നേരത്തെ രണ്ടുരൂപയ്ക്ക് അരി വിതരണം ചെയ്തുവന്നിരുന്നത്. എന്നാല്‍ ഫിബ്രവരി അവസാനം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ 30 ലക്ഷം കുടുംബങ്ങള്‍ക്കുകൂടി പദ്ധതിയുടെ ആനുകൂല്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞിട്ടും പദ്ധതിയുടെ മേല്‍നടപടികള്‍ തുടങ്ങിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചില പ്രതിപക്ഷ എം.എല്‍.എമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുരൂപ അരിയ്ക്ക് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പാവങ്ങള്‍ക്ക് അരി വിതരണം ചെയ്യാനുള്ള പദ്ധതിയെ വിലക്കിയ പ്രതിപക്ഷം മാപ്പുപറയണമെന്ന് മന്ത്രി സി.ദിവാകരന്‍ ആവശ്യപ്പെട്ടു.
Discussion about this post