തിരുവനന്തപുരം: കായികമേഖലയില്‍ പുതിയകാലത്തിനൊത്ത ആധുനികസൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അഭിപ്രായപ്പെട്ടു. ആറ്റിങ്ങല്‍ ശ്രീപാദം സ്‌റ്റേഡിയത്തെ സ്‌പോര്‍ട്‌സ് ഹബ്ബായി ഉയര്‍ത്താനുള്ള വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും പുതിയ ബോക്‌സിംഗ് റിങ്ങിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്‍പതുകോടി രൂപയ്ക്ക് മുകളില്‍ ചെലവാക്കിയാണ് ശ്രീപാദം സ്‌റ്റേഡിയത്തിന്റെ നിലവാരമുയര്‍ത്തുന്നത്. സിന്തറ്റിക് ട്രാക്ക്, ടര്‍ഫ് ഉള്‍പ്പെടെ പൂര്‍ത്തിയാകുമ്പോള്‍ സ്‌റ്റേഡിയം മികച്ച നിലവാരത്തിലാകും. ഗേള്‍സ്, ബോയ്‌സ് ഹോസ്റ്റലുകളുടെ നവീകരണം പൂര്‍ത്തിയായി. ടോയ്‌ലറ്റ് ബ്‌ളോക്കുകളുടെ നിര്‍മാണം നടക്കുകയാണ്. സെമി പെര്‍മനന്റ് കിച്ചന്‍ നിര്‍മിച്ചുവരുന്നു. ഗ്യാലറിയുടെ നവീകരണവും നടക്കുകയാണ്.
കായിക മേഖലയില്‍ 800 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. 14 ജില്ലാതല സ്‌റ്റേഡിയങ്ങളും 41 മറ്റ് സ്‌റ്റേഡിയങ്ങളും വരുന്നുണ്ട്. ചെറുപ്രായത്തില്‍തന്നെ കായികപ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനും സൗകര്യങ്ങള്‍ നല്‍കാനും ഒരുക്കും. അവര്‍ക്ക് നിലനില്‍ക്കാന്‍ തൊഴിലിനും നടപടിയെടുക്കും. കായികതാരങ്ങളുടെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ 2010 മുതല്‍ നടക്കാനുണ്ടായിരുന്നത് സര്‍ക്കാര്‍ നിയമനം നല്‍കിവരികയാണ്. മുന്‍കാല കായികതാരങ്ങള്‍ക്കുള്ള ആരോഗ്യപരിരക്ഷാ, പെന്‍ഷന്‍ പദ്ധതികളും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരമുള്ള പുതിയ ബോക്‌സിംഗ് റിങ്ങിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ഡെമോ ബോക്‌സിംഗ് മത്‌സരവും നടന്നു.
ഏഴു കോടി രൂപ മുടക്കി എട്ടുലെയ്‌നുള്ള അത്‌ലറ്റിക്‌സ് സിന്തറ്റിക് ട്രാക്ക്, ഒന്നരകോടി മുടക്കി ഫുട്ബാള്‍ ഗ്രൗണ്ട് ടര്‍ഫ്, 50 ലക്ഷത്തിന്റെ ആധുനിക ജിംനേഷ്യം, ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നവീകരണം എന്നിവയ്ക്കാണ് തുടക്കമായത്. ഇതിനൊപ്പം കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, തയ്ക്വണ്ടോ, റസ്‌ലിംഗ്, ഖോഖോ, നെറ്റ്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ പരിശീലന കളരികളും സ്‌റ്റേഡിയത്തിലുണ്ടാകും.
Discussion about this post