തിരുവനന്തപുരം: ചികിത്സാപ്പിഴവു സംബന്ധിച്ച് ആശുപത്രികളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചുമുള്ള പരാതികളില്‍ മെഡിക്കല്‍ ബോര്‍ഡ് നീതിപൂര്‍വകമായ നിലപാടെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കാനുള്ള നിലപാടു സ്വീകരിക്കുക വഴി മെഡിക്കല്‍ ബോര്‍ഡുകള്‍ അവയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുകയാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം നീതിപൂര്‍വകമാകാന്‍ നിഷ്പക്ഷരും വിശ്വസ്തരുമായ ഡോക്ടര്‍മാര്‍ അംഗങ്ങളായി വരണം. മെഡിക്കല്‍ ബിരുദമുള്ള സിവില്‍ സര്‍വീസുകാര്‍ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളായാല്‍ ഇത്തരം പരാതികളോട് നീതിപൂര്‍വകമായ സമീപനമുണ്ടാവുമെന്നും ആരോപണങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കുകയെന്ന ശ്രേഷ്ഠ കര്‍മത്തില്‍ ഏര്‍പ്പെടുന്നവരാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ചിലരെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മഹത്വം മറന്നുപോകുന്നതായി കാണുന്നു. എന്നാല്‍ ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ആംബുലന്‍സ് കൈകാര്യം ചെയ്യുന്നവര്‍ക്കടക്കം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശരിയായ പരിശീലനം നല്‍കാനും ട്രോമാ കെയര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാവുമ്പോള്‍ കുടുംബത്തിലെ ഓരോരുത്തര്‍ക്കും മെച്ചപ്പെട്ട ചികിത്സയ്ക്ക് അവസരമൊരുങ്ങും. സംസ്ഥാനത്ത് 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നത്. ഇതിനായി 4700 പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടി വന്നു. സംസ്ഥാനത്ത് കഴിയുന്നത്ര സര്‍ക്കാര്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കും.
സ്വകാര്യ ആശുപത്രികളിലെ ഐസിയുകളിലും സിസിയുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നടപ്പിലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. ദയാവധം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതു തടയുന്നതിന് ഗൗരവമായ ശ്രദ്ധയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രസംഗം നടത്തി. കമ്മീഷന്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ് റാഫി കൃതജ്ഞത പറഞ്ഞു.
Discussion about this post