തിരുവനന്തപുരം: കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പിന്റെ വരുമാനം വര്‍ധിച്ചു. അബ്കാരി നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വിവിധ നികുതി, ലൈസന്‍സ് ഫീസ് ഇനങ്ങളിലുണ്ടായ വര്‍ദ്ധനവിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തി വ്യാജമദ്യം ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം പരമാവധി തടഞ്ഞ് നികുതി ചോര്‍ച്ച ഒഴിവാക്കി പ്രവര്‍ത്തിച്ചതിന്റെയും ഫലമായാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എക്‌സൈസ് വകുപ്പിന് 2192.56 കോടി രൂപയുടെ റവന്യൂ വരുമാനം നേടാന്‍ കഴിഞ്ഞത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 184.69 കോടി രൂപയുടെ വര്‍ദ്ധനയാണ് ഈ വര്‍ഷമുണ്ടായത്.
കള്ള് ഷാപ്പുകളുടെ ലൈസന്‍സ് ഫീ ഇനത്തില്‍ 16 കോടി രൂപയുടെയും, എഫ്.എല്‍.3 ലൈസന്‍സ് (ബാറുകള്‍) ഫീസ് ഇനത്തില്‍ 119 കോടി രൂപയുടെയും, എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ 71 കോടി രൂപയുടെയും വര്‍ദ്ധനവുണ്ടായി. പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കണ്ടുപിടിച്ച് കോട്പ വകുപ്പ് പ്രകാരം കേസ്സെടുത്ത് പിഴ ഈടാക്കിയ ഇനത്തിലും വന്‍ വര്‍ദ്ധനയാണുള്ളത്.
എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിന്റെ ഫലമായും ചെക്ക് പോസ്റ്റുകളിലെയും ഹൈവേ പട്രോളിംഗ് യൂണിറ്റുകളുടെയും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് നികുതി ചോര്‍ച്ചയും വ്യാജ വില്‍പനയും തടഞ്ഞ് സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടാക്കാന്‍ സാധ്യമായത്.
എക്‌സൈസ് മുഖേനയുണ്ടായ വരുമാനം കൂടാതെ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്ത സ്വര്‍ണ്ണം, വെള്ളി, കുഴല്‍പ്പണം മറ്റു നികുതി വെട്ടിച്ച് കടത്തുന്ന വസ്തുക്കള്‍ എന്നിവ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി പിഴ ഈടാക്കിയ ഇനത്തിലും വരുമാനം നേടാന്‍ കഴിഞ്ഞതായി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post