തലശേരി: കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളും ചെറുമക്കളും ഉള്‍പ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മകള്‍ കസ്റ്റഡിയില്‍. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ കിഷോര്‍ (8), കീര്‍ത്തന (ഒന്നര) എന്നിവര്‍ മരിച്ച സംഭവത്തിലാണ് മരിച്ച ദമ്പതികളുടെ മകളും കുട്ടികളുടെ മാതാവുമായ വണ്ണത്താന്‍ വീട്ടില്‍ അവശേഷിക്കുന്ന ഏക അംഗവുമായ സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഇന്ന് രാവിലെ പത്തോടെയാണ് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി സഹകരണ ആശുപത്രിയില്‍ നിന്നും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് മരണങ്ങളില്‍ മൂന്നും എലി വിഷം ഉള്ളില്‍ ചെന്നാണെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ബലത്തിലും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലും കൊലപാതകങ്ങളില്‍ മുഖ്യപങ്ക് വഹിച്ചത് വീട്ടിനുള്ളില്‍ തന്നെയുള്ളയാളെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ 17ന് വൈകുന്നേരം ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സുഖം പ്രാപിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.കെ.എസ്. മോഹനന്റെ നേതൃത്വത്തിലുളള്ള നാലംഗ സംഘവും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.കെ രാജീവന്റെ നേതൃത്വത്തിലുള്ള സംഘവും തലശേരി സഹകരണ ആശുപത്രിയലെ ഡോ.രാജീവ് നമ്പ്യാര്‍, ഡോ. അരവിന്ദ് നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് സൗമ്യയെ പരിശോധിച്ചിരുന്നത്.
പൂര്‍ണ ആരോഗ്യവതിയായിട്ടും ആശുപത്രിയില്‍ തന്നെ കിടത്തിയിരുന്ന സൗമ്യയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ മൂന്ന് മാസം മുമ്പ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു പിന്നാലെയാണ് അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ സൗമ്യയുടെ പങ്ക് വ്യക്തമായ സൂചനകളാണ് പുറത്തു വന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 30 ലേറെ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെയെല്ലാം മൊഴികളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങളും പോലീസിന് ലഭിച്ചുവെന്നാണ് വിവരം.
യുവതിയുടെ വഴിവിട്ട ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തില്‍ സംശയിക്കുന്ന മൂന്ന് പേരേയാണ് പോലീസ് വിവിധ ഘട്ടങ്ങളിലായി വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുള്ളത്. മരണങ്ങള്‍ക്കു പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. സൗമ്യയുടെ മകള്‍ എട്ടു വയസുകാരി ഐശ്വര്യ കിഷോറിന്റെ മൃതദേഹമാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് അവിടെ വച്ചു തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. മൃതദേഹത്തില്‍ നിന്നും ആന്തരികാവയവങ്ങള്‍ ശേഖരിച്ച് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചു.
എഎസ്പി ചൈത്ര തേരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന്‍, ധര്‍മടം എസ്ഐ അരുണ്‍കുമാര്‍, തഹസില്‍ദാര്‍ രഞ്ജിത്ത് എന്നിവരും സംഭവ സ്ഥലത്തുണ്ടായിരുന്നു. നൂറു കണക്കിന് നാട്ടുകാരാണ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയത്.
Discussion about this post